2000 കോടി നിക്ഷേപം
44 പെയിന്റിംഗുകൾ
കള്ളപ്പണം വെളുപ്പിക്കാൻ 20 കടലാസ് കമ്പനികൾ
മുംബയ്:യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റാണയെ 11വരെ ഇ.ഡി കസ്റ്റഡിയിൽ വിടാൻ മുംബയ് പ്രത്യേക കോടതി ഉത്തരവിട്ടു.ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ ) എന്ന കമ്പനിക്ക് യെസ് ബാങ്ക് 3000 കോടി വായ്പ നൽകിയിരുന്നു. അതിന് പിന്നാലെ റാണയുടെ ഭാര്യയുടെ അക്കൗണ്ടിൽ 600 കോടി രൂപ എത്തിയിരുന്നു. ഇത് ഡി.എച്ച്.എഫ്.എൽ വായ്‌പയ്ക്ക് പ്രത്യുപകാരമായ നൽകിയ കോഴയാണെന്നാണ് ആരോപണം.
കള്ളപ്പണം തടയൽ നിയമപ്രകാരം വെള്ളിയാഴ്ച രാത്രി മുതൽ ഡൽഹിയിലും മുംബയിലുമായി റാണയുടെയും പുത്രമാരായ രാഖി കപൂർ ടണ്ടൻ, രോഷ്‌നി കപൂർ, രാധ കപൂർ എന്നിവരുടെയും വസതികളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡി.എച്ച്.എഫ്.എൽ ഇടപാടിന്റെ നേട്ടം മക്കൾക്കും ലഭിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ യെസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു.
പല കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വായ്പ നൽകിയതിൽ റാണയ്ക്കുള്ള പങ്ക് സംബന്ധിച്ചും യു.പി പവർ കോർപ്പറേഷനുമായി ബന്ധപ്പെട്ട പി.എഫ് ഫണ്ട് തിരിമറിക്കേസും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
കോടികൾ മറിച്ച
കടലാസ് കമ്പനികൾ
റാണയുടെ ആസ്തികൾ കണ്ട് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ പോലും ഞെട്ടി. രണ്ടായിരം കോടിയുടെ നിക്ഷേപം, കോടികൾ വിലമതിക്കുന്ന അമൂല്യമായ പെയിന്റിംഗുകൾ, ലണ്ടനിലെ സ്വത്തുക്കൾ തുടങ്ങിയവയുടെ രേഖകളാണ് കണ്ടെടുത്തത്. കള്ളപ്പണം വെളുപ്പിക്കാൻ ഇരുപതിലേറെ കടലാസ് കമ്പനികളാണ് (വ്യാജ സ്ഥാപനങ്ങൾ) റാണയും കുടുംബവും തുടങ്ങിയത്. ഈ വ്യാജ കമ്പനികൾ വഴിയാണ് കോഴപ്പണം സ്വീകരിച്ചതും അനധികൃതമായി വസ്‌തുവകകളിൽ നിക്ഷേപിച്ചതും. രണ്ടായിരം കോടിയാണ് ഇങ്ങനെ നിക്ഷേപിതിട്ടുള്ളത്. ഇപ്പോൾ അതിന്റെ മൂല്യം അയ്യായിരം കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രിയങ്ക വരച്ച ചിത്രത്തിന് രണ്ട് കോടി
കോടികൾ വിലവരുന്ന 44 പെയിന്റിംഗുകളാണ് റാണയുടെ ശേഖരത്തിലുള്ളത്.ഇതിലൊന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വരച്ചതാണ്. രണ്ട് കോടി രൂപ നൽകിയാണ് റാണ ഇത് സ്വന്തമാക്കിയതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഗാന്ധി കുടുംബവുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതേ പറ്റി ഇ.ഡിയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും അന്വേഷിക്കുന്നുണ്ട്.