കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴികളെ കൊന്നൊടുക്കി തുടങ്ങി. വെസ്റ്റ് പുതിയോട്ടിൽ സെറീനയുടെ ഉടമസ്ഥതയിലുള്ള കൊടിയത്തൂരിലെ ഫാമിൽ രാവിലെ 10.45നാണ് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ സംഘമെത്തിയത്.കോഴികൾ ഇവിടെ രോഗബാധയേറ്റ് ചത്തിരുന്നു.
കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ നേരത്തെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വ്യാഴാഴ്ച മുതലാണ് കോഴികൾ ചത്തുതുടങ്ങിയത്. ശേഷം ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ തൊണ്ടയാട് ബൈപ്പാസിൽ കച്ചവടത്തിനായി കൊണ്ടുവന്ന വളർത്തു പക്ഷികളെ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. ചത്ത കോഴിക്കുഞ്ഞുങ്ങളെയും കച്ചവടക്കാരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ സാംപിളുകൾ പരിശോധനയ്‌ക്ക് ബംഗളൂരുവിലേക്ക് അയക്കും. നഗരത്തിൽ പക്ഷികളെ വിൽക്കരുതെന്ന് നേരത്തെ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. 2016ൽ കുട്ടനാട്ടിലാണ് ഇതിനുമുൻപ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിലാണ് അന്ന് രോഗം പടർന്നത്.