ss

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മെഡിക്കൽ അത്യാഹിതങ്ങളിൽ ഓടിയെത്താൻ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകൾ സജീവം. പതിനാല് 108 ആംബുലൻസുകളുടെയും അഞ്ച് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളുടെയും ഫ്‌ളാഗ് ഓഫ് ആറ്റുകാലിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ആംബുലൻസുകളുടെ വിന്യാസം നിയന്ത്രിക്കാനായി ആംബുലൻസ് എമർജൻസി റെസ്‌പോൺസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. റേഡിയോ അമച്വർ സൊസൈറ്റി ഓഫ് അനന്തപുരിയുടെ ആഭിമുഖ്യത്തിൽ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ആംബുലൻസുകളുടെ വിന്യാസവും നിയന്ത്രണവും നടത്തുന്നത്. അത്യാഹിത സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇത് ആദ്യം സമീപത്തുള്ള ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകൾക്ക് കൈമാറും. കനിവ് 108 ആംബുലൻസ് സർവീസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ഒരു ഹാം റേഡിയോ ഓപ്പറേറ്ററുമാണ് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറിലുണ്ടാകുക. സ്ഥലത്തെത്തി രോഗിയെ പരിശോധിച്ച് ഇവർ പ്രഥമ ശുശ്രൂക്ഷ നൽകും. ആവശ്യമെങ്കിൽ രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഇവർ ആംബുലൻസിന് സന്ദേശം കൈമാറും. ആറ്റുകാൽ, തമ്പാനൂർ, കിള്ളിപ്പാലം, കരമന, മണക്കാട് ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, കമലേശ്വരം ജംഗ്ഷൻ, കാലടി, പവർ ഹൗസ് റോഡ്, കൊഞ്ചിറവിള, കല്ലുരമൂട്, ബൈപാസ്, മണക്കാട് വലിയപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ 108 ബേസിക്ക് ലൈഫ് ആംബുലൻസുകളുടെ സേവനമുണ്ട്. ഇതിന്റെ കീഴിലായിരിക്കും 5 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകൾ വിന്യസിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജി.വി.കെ ഇ.എം.ആർ.ഐ സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.