റോം: ലോകരാജ്യങ്ങളെ പിടിച്ചുലച്ച് കൊറോണ (കൊവിഡ് -19) വ്യാപിക്കുന്നു. പ്രഭവ കേന്ദ്രമായ ചൈന കഴിഞ്ഞാൽ ഇറ്റലിയിലും ഇറാനിലുമാണ് കൊറോണ പടർന്ന് പിടിച്ചിരിക്കുന്നത്. ഇറ്റലിയിൽ മരണസംഖ്യ 233 ആയി. 5883 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യവും കൂടുതൽ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി
വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ വടക്കൻ ഇറ്റലിയിൽ 1.6 കോടി ആളുകൾക്ക് സമ്പർക്ക വിലക്കേർപ്പെടുത്തി. ലോംബാർഡി നഗരം അടച്ചുപൂട്ടും. ഈ മേഖലയിലുൾപ്പെടെ 12 ഇടങ്ങളിൽ ജനങ്ങൾ ഏപ്രിൽ അവസാനം വരെ നിർബന്ധിത സമ്പർക്ക വിലക്കിൽ തുടരും. ലോംബാർഡിയുടെ സമീപപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂളുകൾ, മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ അടച്ചിടും. രോഗലക്ഷണങ്ങളുള്ളവർ നിരീക്ഷണത്തിൽ തുടരും. ഇറ്റലി സന്ദർശിച്ച ചൈനീസ് സഞ്ചാരികളിൽ നിന്നാണ് വൈറസ് രാജ്യത്ത് പടർന്ന് പിടിച്ചത്.
മറ്റ് രാജ്യങ്ങളിലും പടരുന്നു
യു.എസിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. എല്ലാ മരണവും റിപ്പോർട്ട് ചെയ്‍തിരിക്കുന്നത് വാഷിംഗ്ടണിലാണ്. 89 പേർക്കാണ് യു.എസിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിൽ മരണസംഖ്യ 50 ആയി. വനിത എം.പിയടക്കം 145പേർ ഇറാനിൽ മരിച്ചു. പ്രഭവകേന്ദ്രമായ ചൈനയിൽ മരണസംഖ്യ 3099ൽ എത്തിയെങ്കിലും മരണനിരക്ക് കുറഞ്ഞുവരികയാണ്. ബർഗേറിയ (4), മോൾഡോവ (1), മാൾട്ട (1) മാലദ്വീപ് (1) എന്നീ രാജ്യങ്ങളിലാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.
സ്ഥിരീകരിച്ച രാജ്യങ്ങൾ: 102
മരണസംഖ്യ: 3592
രോഗബാധിതർ:106,026