
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമായി ഭക്തർക്ക് ഭക്ഷണം വിളമ്പി നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും. പൊങ്കാലയോടനുബന്ധിച്ച് സന്നിധിയിൽ ഭക്ഷണം വിളമ്പാൻ നിരവധിപേരെത്താറുണ്ട്. അക്കൂട്ടത്തിലാണ് നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയുമെത്തിയത്. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറുപ്പുമായി സുരേഷ് ഗോപി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇത്തവണ പൊങ്കാലയ്ക്കായി നാൽപ്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭപൗര്‍ണമി ദിനമായ നാളെ രാവിലെ 10.20ന് പൊങ്കാല ചടങ്ങുകള്‍ തുടക്കമാകും. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നാളെ രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും.
ഉച്ചക്ക് 2:10നാണ് പൊങ്കാല നിവേദ്യം നടക്കുക. തിരുവനന്തപുരം നഗരത്തിലേക്ക് വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തർ എത്തിത്തുടങ്ങി കഴിഞ്ഞു. 3500 പൊലീസുകാരെ പൊങ്കല മഹോത്സവത്തിന്റെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. 1270 ടാപ്പുകൾ ശുദ്ധജല വിഥാരണത്തിനായി നഗരത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചു കഴിഞ്ഞു.