കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് യെസ് ബാങ്കിനെ കരകയറ്റാനുള്ള രക്ഷാപാക്കേജിന് റിസർവ് ബാങ്ക് ഇന്ന് രൂപം നൽകും. കരട് രക്ഷാ പാക്കേജ് കഴിഞ്ഞവാരം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി യെസ് ബാങ്കിനുമേൽ റിസർവ് ബാങ്ക് ഒരുമാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തുകയും ഏപ്രിൽ മൂന്നുവരെ ഓരോ ഉപഭോക്താവിനും അക്കൗണ്ടിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിശ്ചയിക്കുകയും ചെയ്തിരുന്നു.
യെസ് ബാങ്കിന്റെ ഡയറക്ടർ ബോർഡിന്റെ നിയന്ത്രണവും ഏറ്റെടുത്ത റിസർവ് ബാങ്ക്, എസ്.ബി.ഐയുടെ മുൻ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന (സി.എഫ്.ഒ) പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്ക് യെസ് ബാങ്കിന്റെ നിശ്ചിത ഓഹരികൾ കൈമാറുകയാണ് രക്ഷാപാക്കേജിലെ പ്രധാന ഫോർമുല.
49 ശതമാനം ഓഹരികളാണ് എസ്.ബി.ഐ ഏറ്റെടുക്കുക. ആദ്യഘട്ടമായി ഓഹരിയൊന്നിന് പത്തുരൂപ വച്ച്, 245 കോടി ഓഹരികൾ 2,450 കോടി രൂപയ്ക്ക് എസ്.ബി.ഐ ഏറ്റെടുക്കും. തുടർന്ന്, റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ യെസ് ബാങ്കിന്റെ ഓഹരികൾ പുനഃക്രമീകരിച്ച്, എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം 49 ശതമാനമാക്കി മാറ്റും. പരമാവധി 10,000 കോടി രൂപവരെ യെസ് ബാങ്കിൽ എസ്.ബി.ഐയ്ക്ക് നിക്ഷേപിക്കാനാകുമെന്ന് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നിക്ഷേപം നടത്തുന്ന ദിനം മുതൽ കുറഞ്ഞത് മൂന്നുവർഷക്കാലം, യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം എസ്.ബി.ഐ 26 ശതമാനത്തിനുമേൽ നിലനിറുത്തണമെന്ന് വ്യവസ്ഥയുണ്ട്. എസ്.ബി.ഐയുടെ മൂലധന അനുപാതത്തിന് (കാപ്പിറ്റൽ അഡക്വസി റേഷ്യോ) കോട്ടംവരാത്ത വിധമായിരിക്കും യെസ് ബാങ്കിലെ നിക്ഷേപം. ഇതിനായി പൊതു വിപണിയിൽ നിന്നോ സർക്കാരിൽ നിന്നോ പണം സമാഹരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
വീഴ്ചയുടെ നാൾവഴി
1999: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂർ, അളിയൻ അശോക് കപൂർ, സുഹൃത്ത് ഹർകിരാത്ത് സിംഗ് എന്നിവർ ചേർന്ന് ഡച്ച് ബാങ്കായ റാബോ ബാങ്കുമായി ചേർന്ന് റാബോ ഇന്ത്യ ഫിനാൻസിന് തുടക്കമിടുന്നു.
2002: ബാങ്ക് തുടങ്ങാനുള്ള പ്രാഥമിക ലൈസൻസ് ലഭിച്ചു.
2003: യെസ് ബാങ്ക് പിറന്നു
2004: യെസ് ബാങ്ക് ഓഹരി വിപണിയിൽ ചുവടുവച്ചു. ഐ.പി.ഒയിലൂടെ സമാഹരിച്ചത് ₹300 കോടി.
2017: യെസ് ബാങ്കിൽ നടത്തിയ പരിശോധനയിൽ 6,355 കോടി രൂപയുടെ കിട്ടാക്കട തിരിമറി റിസർവ് ബാങ്ക് കണ്ടെത്തുന്നു.
2018: റാണാ കപൂറിന്റെ സി.ഇ.ഒ കാലാവധി റിസർവ് ബാങ്ക് മൂന്നുമാസത്തേക്ക് വെട്ടിച്ചുരുക്കി. പിറ്റേന്ന് യെസ് ഓഹരിവില കൂപ്പുകുത്തിയത് 30%
2019: $200 കോടിയുടെ (ഏകദേശം 14,200 കോടി രൂപ) മൂലധന സമാഹരണം നടത്തുമെന്ന് പുതിയ സി.ഇ.ഒ റവ്നീത് ഗില്ലിന്റെ പ്രഖ്യാപനം
2019: യെസ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് കിട്ടാക്കട വർദ്ധനമൂലം താളംതെറ്റുന്നു.
2019: യെസ് ബാങ്കിന്റെ കിട്ടാക്കട പട്ടികയിലുള്ളത് അനിൽ അംബാനി ഗ്രൂപ്പ്, ഐ.എൽ ആൻഡ് എഫ്.എസ്., സി.ജി. പവർ, കോക്സ് ആൻഡ് കിംഗ്സ്, എസാർ പവർ, എസെൽ ഗ്രൂപ്പ് തുടങ്ങിയ വമ്പന്മാർ.
2020: നടപ്പുവർഷത്തെ മൂന്നാംപാദ പ്രവർത്തനഫല പ്രഖ്യാപനം വൈകുമെന്ന് യെസ് ബാങ്കിന്റെ പ്രഖ്യാപനം.
2020 മാർച്ച് 05: യെസ് ബാങ്കിനുമേൽ റിസർവ് ബാങ്കിന്റെ മൊറട്ടോറിയം പ്രഖ്യാപനം.
മാർച്ച് 08: റാണാ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് അറസ്റ്ര് ചെയ്യുന്നു. വൻകിട കമ്പനികൾക്ക് അനധികൃതമായി വായ്പ അനുവദിച്ച് ലാഭമുണ്ടാക്കുക, ഷെൽ കമ്പനി രൂപീകരിച്ച് പണം തട്ടുക തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനുമേലുള്ളത്.