corona-virus

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്നും കേരള പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും രോഗമുളള രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്തവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.

ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല.

അതേസമയം,​ ഇറ്റലിയിൽ നിന്നെത്തിയ കൊറോണ സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേർ നിരീക്ഷണത്തിലാണ്. ഇതിൽ മൂന്നു പൊലീസുകാരും ഉൾപ്പെടുന്നു. നാട്ടിലെത്തി ആറ് ദിവസത്തിനിടെ കൊല്ലം പുനലൂര്‍, കോട്ടയം എന്നീ സ്ഥലങ്ങളിലെ ബന്ധുവീടുകള്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, റാന്നിയിലെ ഒരു ആശുപത്രി എന്നിവിടങ്ങളിലൊക്കെ രോഗബാധിതര്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.