baby-john
എൻ.വിജയൻപിള്ള ബേബിജോണിനൊപ്പം

കൊല്ലം: ചവറക്കാർ എൻ. വിജയൻപിള്ളയെ സ്നേഹത്തോടെ വിളിച്ചത് കൊച്ചേട്ടനെന്നായിരുന്നു. ഏതു സമയത്തും ആശ്രയിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനൊപ്പം വ്യവസായ രംഗത്തും ശോഭിച്ച വിജയൻപിള്ള ഹോട്ടൽ ശൃംഖലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമയാണ്.

ചവറ മടപ്പള്ളി വിജയ മന്ദിരത്തിൽ മെമ്പർ നാരായണപിള്ളയുടെയും ഭവാനി അമ്മയുടെയും മകനായി 1951ൽ ജനിച്ച വിജയൻപിള്ള ചവറ ബോയ്സ് ഹൈസ്‌കൂൾ, ശാസ്‌താംകോട്ട ഡി.ബി കോളേജ്, പുനലൂർ എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു വിജയൻപിള്ളയുടെ വിജയവും ഷിബുബേബിജോണിന്റെ തോൽവിയും. മുൻവർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഷിബുബേബി ജോണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച വിജയൻപിള്ള തന്നെ അദ്ദേഹത്തെ മലർത്തിയടിച്ച അപൂർവ കാഴ്ചയയ്ക്കും 2016ലെ തിരഞ്ഞെടുപ്പ് സാക്ഷിയായി.

കൊച്ചിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കരുനാഗപ്പള്ളിയിലെത്തിച്ച മൃതദേഹം അവിടെ നിന്ന് വിലാപയാത്രയായി ഒന്നരയോടെയാണ് സി.പി.എം ചവറ ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ചത്. പിന്നീട് എം.എൽ.എ ഓഫീസിലും രണ്ട് പതിറ്റാണ്ടിലേറെ അദ്ദേഹം പഞ്ചായത്തംഗമായിരുന്ന ചവറ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് സൗകര്യമൊരുക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ ചവറയുടെ ജനകീയ എം.എൽ.എക്ക് അന്ത്യാഭിവാദ്യം നേരാനെത്തിയിരുന്നു.