ന്യൂഡൽഹി: ഐസിസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാശ്മീർ സ്വദേശികളായ ദമ്പതികൾ ഡൽഹിയിൽ പിടിയിലായി.. ജഹാൻസെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീർ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. അഫ്ഗാനിസ്താനിലെ ഖോറോസൻ പ്രവിശ്യയിൽ സജീവമായ ഐസിസ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഓഖ്‌ലയിൽനിന്ന് ഇവരെ പിടികൂടിയത്.
ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ രേഖകൾ പൊലീസ് ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിൽ കൂടുതൽപേരെ അണിനിരത്താൻ ലക്ഷ്യമിട്ട് ഇവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു. കാശ്മീരിൽ നിന്നുള്ള ദമ്പതികൾ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഡൽഹിയിലെ ജാമിയ നഗർ പ്രദേശത്താണ് താമസിച്ചുവരുന്നത്.