കോവളം: വെങ്ങാനൂരിൽ വഴിയാത്രക്കാരിയായ വീട്ടമ്മയുടെ അഞ്ച് പവന്റെ സ്വർണമാല ബൈക്കിലെത്തിയ ആൾ കവർന്നു. വെങ്ങാനൂർ സ്‌റ്റേഡിയത്തിന് സമീപം പഴവാർവിള വീട്ടിൽ കലാകുമാരിയുടെ (47) മാലയാണ് നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ വെങ്ങാനൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിന് സമീപത്തെ റോഡിലാണ് സംഭവം. മകളെ ട്യൂഷന് വിട്ടശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്‌കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ മാല വലിച്ച് പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് ഇവർ വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിഴിഞ്ഞം ക്രൈം എസ്.ഐ ജി.കെ. രഞ്ചിത്ത്, എസ്.ഐ രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്‌കൂളിന് മുന്നിലെയും പരിസരത്തുള്ള സ്ഥാപനങ്ങളിലെയും സി.സി ടിവി കാമറകൾ പരിശോധിച്ചു. അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.