corona-alert

പത്തനംതിട്ട: കേരളത്തിൽ വീണ്ടും കൊറോണ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗപ്രതിരോധം ലക്ഷ്യമിട്ട് നിർദ്ദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡ് പ്രധാനമായും നിർദേശിക്കുന്നത്. മാസ പൂജക്കായി വെള്ളിയാഴ്ച വൈകിട്ടാണ് നട തുറക്കുക.

ഇതിനു മുൻപായി സംസ്ഥാന ആരോഗ്യ വകുപ്പുമായി ആലോചിച്ചുകൊണ്ട് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. എന്നാൽ പത്തനംതിട്ടയിലെ കൊറോണ ബാധ പരിഗണിച്ചുകൊണ്ട് ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായി തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല.

അതേസമയം,​ ഇറ്റലിയിൽ നിന്നെത്തിയ കൊറോണ സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേർ നിരീക്ഷണത്തിലാണ്. ഇതിൽ മൂന്നു പൊലീസുകാരും ഉൾപ്പെടുന്നു. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.