trump

ടെഹ്‌റാൻ: ഇന്ത്യയ്ക്ക് മുസ്ലീങ്ങളോടുള്ള സമീപനം മാറിയതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റക്കാരനാക്കി ഇറാൻ എം.പി. ഇന്ത്യയിൽ മുസ്ലീങ്ങളെ 'കൂട്ടക്കൊല ചെയ്യുകയാണെ'ന്നും ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് ശേഷമാണ് മുസ്ലീങ്ങളോടുള്ള ഇന്ത്യയുടെ സമീപനത്തിന് മാറ്റം സംഭവിച്ചതെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയരൂപീകരണ കമ്മീഷൻ വക്താവ് നഖാവി ഹൊസ്സേനി കുറ്റപ്പെടുത്തി.

മുസ്ലീങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾ ലോകരാജ്യങ്ങളും ഇസ്‌ലാമിക രാജ്യങ്ങളും ശക്തമായി അപലപിക്കേണ്ടതാണെന്നും ഹൊസ്സേനി പറഞ്ഞു. മുസ്ലീങ്ങൾക്കെതിരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ സൂചിപ്പിക്കുന്നത് അമേരിക്കയുടെ ഇഷ്ടം സമ്പാദിക്കാനുള്ള 'ന്യൂ ഡൽഹി' സർക്കാരിന്റെ ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഡൽഹി കലാപത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവനയുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയ് അടുത്തിടെ രംഗത്ത് വന്നിരുന്നു. തീവ്രവിഭാഗങ്ങളെ നിയന്ത്രിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യ മുസ്ലിം ലോകത്തുനിന്നും ഒറ്റപ്പെടുമെന്നാണ് ഖമനേയ് മുന്നറിയിപ്പ് നൽകിയിയത്.

ഡൽഹി കൂട്ടകുരുതിയിൽ ലോകത്താകമാനമുള്ള മുസ്ലീങ്ങൾ ഹൃദയവേദനയിലാണെന്നും തീവ്ര ഹിന്ദുക്കളെയും അവരുമായി ബന്ധമുള്ള വിഭാഗങ്ങളെയും നിയന്ത്രിക്കണമെന്നും ഖമനേയ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ മുസ്ലിം ലോകത്തുനിന്നും ഒറ്റപ്പെടുന്നത് ഒഴിവാക്കാനായി രാജ്യത്തെ മുസ്ലീങ്ങളുടെ കൂട്ടകുരുതി തടയണമെന്നും ഖമനേയ് ആവശ്യപ്പെട്ടു. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.