അമ്മാൻ : ജോർദാനിൽ നടക്കുന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തിയ വനിതാ താരം പൂജാറാണിയും പുരുഷ താരം വികാസ് കൃഷ്ണനും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ടോക്കിയോ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ബോക്സറെന്ന പെരുമ പൂജാറാണി സ്വന്തമാക്കി.
ഇന്നലെ നടന്ന 75 കി.ലോ ഗ്രാം ക്വാർട്ടർ ഫൈനലിൽ തായ്ലാൻഡിന്റെ പോർണിപ ചൂതിയെ 5-0 ത്തിന് ഇടിച്ചിട്ടാണ് പൂജ സെമിയിൽ കടന്നത്. സെമിയിൽ നിലവിലെ ലോക ചാമ്പ്യൻ ലി ക്വിയാനാണ് പൂജയുടെ എതിരാളി. പൂജ ആദ്യമായാണ് ഒളിമ്പിക്സ് യോഗ്യത നേടുന്നത്.
ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ജാപ്പനീസ് താരം സെവോൺറെറ്റ്സ് ഒക്കാഡയെ കീഴടക്കിയാണ് വികാസ് കൃഷ്ണൻ തന്റെ മൂന്നാം ഒളിമ്പിക്സിന് ടിക്കെറ്റടുത്തത്. സെമിയിൽ രണ്ടാം സീഡ് കസാഖിസ്ഥാൻ താരം അബ്ളായിഖാനാണ് വികാസിനെ കാത്തിരിക്കുന്നത്.
അതേസമയം വനിതാ വിഭാഗത്തിൽ ഇന്ത്യൻ വെറ്ററൻ താരം എം.സി മേരി കോം ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. 51 കി.ഗ്രാം പ്രീക്വാർട്ടറിൽ ന്യൂസിലാൻഡിന്റെ ടാസ്മിൻ ബെന്നിയെ 5-0 ത്തിനാണ് മേരി കോം കീഴടക്കിയത്. ക്വാർട്ടറിൽ ഫിലിപ്പീൻസിന്റെ ഐറിഷ് മാഗ്നോയെ കീഴടക്കിയാൽ മേരികോമിനും ഒളിമ്പിക് ബർത്ത് ലഭിക്കും. പുരുഷൻമാരുടെ 52 കി.ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് ഫംഗലും ക്വാർട്ടറിലെത്തിയിട്ടുണ്ട്.