കോഴിക്കോട്: പത്തനംതിട്ടയിൽ കൊറോണ ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തുപ്പുന്നത് കർശനമായ വിലക്കേർപ്പെടുത്തിയതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്. ഇതുവഴി രോഗം പകരാനുള്ള സാദ്ധ്യത ഉണ്ടെന്ന ബോദ്ധ്യത്തിലാണ് ഇങ്ങനെയൊരു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരവും പരിസരവും ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.
കേരളാ പൊലീസ് നിയമം സെക്ഷൻ 120(ഇ) പ്രകാരമുള്ള കുറ്റമാണിതെന്നും എവി ജോർജ് വ്യക്തമാക്കി. നിയമലംഘനമുണ്ടായെന്ന് കണ്ടെത്തുകയാണെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. നിയമപ്രകാരം ഒരു വർഷം വരെ തടവോ, 5000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളെ മുതൽ (09-03-2020) ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും കമ്മീഷണർ അറിയിക്കുന്നു.
ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല.
അതേസമയം, ഇറ്റലിയിൽ നിന്നെത്തിയ കൊറോണ സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേർ നിരീക്ഷണത്തിലാണ്. ഇതിൽ മൂന്നു പൊലീസുകാരും ഉൾപ്പെടുന്നു. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.