corona

പത്തനംതിട്ട: കൊറോണ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ അതീവ ജാഗ്രതയിൽ നടത്തപ്പെടുമെന്നും വിവരമുണ്ട്.

അതേസമയം അസുഖബാധിതരുമായി അടുത്തിട പഴുകിയവരും രോഗ ലക്ഷണമുള്ളവരും ആയ കുട്ടികൾ പരീക്ഷ എഴുതാൻ പാടില്ലെന്നും നിർദേശമുണ്ട്. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകമായി പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിപ്പുണ്ട്.

പരീക്ഷ സെന്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കുകയും ചെയ്യും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കേണ്ടതുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമായും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ പൊതുചടങ്ങുകൾ മാറ്റി വയ്ക്കണമെന്നും നിർദേശമുണ്ട്.