ജനപ്രിയ പരിപാടിയായ ബിഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തായി. മോഹൻലാലിന്റെ പ്രഖ്യാപനത്തോടെയാണ് മത്സരാർത്ഥി പുറത്തായിരിക്കുന്നത്. അഞ്ച് പേരായിരുന്നു ഒൻപതാം വാരത്തിലുള്ള എലിമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരുന്നത്. കരുത്തരായ മത്സരാർത്ഥികളായ അലസാൻഡ്ര, പാഷാണം ഷാജി, അമൃത-അഭിരാമി സഹോദരിമാർ, വീണ, സുജോ എന്നിവരായിരുന്നു ഇവർ. ഷോയിലെ ടാസ്ക്കുകളുടെ മാതൃകയിൽ ആയിരുന്നു പരിപാടിയുടെ അവതാരകനായ മോഹൻലാൽ എലിമിനേറ്റഡ് ആയ മത്സരാർത്ഥിയെ പ്രഖ്യാപിച്ചത്.
ലോട്ടറി ടിക്കറ്റുകളുടെ മാതൃകയിൽ മുൻപിൽ നിരത്തിയിരുന്ന കാർഡുകളിൽ നിന്നും ഓരോന്ന് മത്സരാർത്ഥികൾ തിരഞ്ഞെടുത്തു. ഇതിൽ മോഹൻലാൽ ഉയർത്തിക്കാട്ടിയ നമ്പർ എഴുതിയിരുന്ന കാർഡ് തിരഞ്ഞെടുത്ത മത്സരാർത്ഥിയാണ് ഒടുവിൽ എലിമിനേറ്റഡ് ആയത്. അലസാൻഡ്ര, അമൃത-അഭിരാമി സഹോദരിമാർ. സുജോ എന്നിവരാണ് തുടക്കത്തിൽ കാർഡുകൾ സ്ക്രച്ച് ചെയ്‌തത്.
ഇവർ 'സേഫ്' ആണെന്ന് പ്രഖ്യാപിച്ചപ്പോൾ അവസാനം കാർഡുകൾ സ്ക്രച്ച് ചെയ്യാൻ ഉണ്ടായിരുന്നത് ഷാജിയും വീണയുമാണ്. ഷാജി കാർഡ് സ്ക്രച്ച് ചെയ്ത ശേഷം ഒന്നും മിണ്ടാതെ നിന്നപ്പോൾ വീണ കാർഡ് സ്ക്രച്ച് ചെയ്തു. ഒടുവിൽ ഷാജി താൻ 'സേഫ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് വീണയാണ് മത്സരത്തിൽ നിന്നും പുറത്തായതെന്ന് വെളിപെട്ടത്. കണ്ണിൽ അസുഖം ബാധിച്ചത് മൂലം പല സ്ഥാനാർഥികളും മത്സരത്തിൽ നിന്നും താത്കാലികമായി മാറി നിന്നപ്പോൾ മത്സരത്തിൽ തുടർന്ന വീണ, ബിഗ് ബോസിന്റെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു.