നടൻ പൃത്വിരാജിന്റെ മാസ് ഡയലോഗിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് ചർച്ചയായി മാറിയ 'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ ആദ്യമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും ക്രൈം ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്. പ്രണയത്തിനും സൗഹൃദത്തിനും സസ്പൻസുകൾക്കും ഊന്നൽ നൽകി ഒരുങ്ങുന്ന കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ് എല്ലാത്തരം പ്രേക്ഷകരേയും കൈയ്യിലെടുക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിശ്വസിക്കുന്നു.
ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി. മോഹൻ ആണ്. കൽക്കി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ധീരജ് ഡെന്നിയാണ് ചിത്രത്തിലെ നായകൻ.
എൽദോ മാത്യൂ, അൽത്താഫ് സലീം, അനീഷ് ഗോപാൽ, ഇന്ദ്രൻസ്, ജോയ് മാത്യൂ, നന്ദു, ജാഫർ ഇടുക്കി, സുധീർ കരമന, റോണി ഡേവിഡ്, വിജയകുമാർ, കൊച്ചുപ്രേമൻ, സുനിൽ സുഖദതുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.