corona-kerala

കൊച്ചി: എറണാകുളത്ത് മൂന്ന് വയസുകാരന് കൊറോണ(കോവിഡ് 19) സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവർ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾക്കും നേരിയ തോതിൽ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

വിമാനത്താവളത്തിൽ എത്തിയപ്പോൾ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നു. ഉടൻതന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. EK513 വിമാനത്തിലാണ് ഇവർ നാട്ടിൽ എത്തിയത്. ഇറ്റലിയിൽ നിന്ന് ദുബായ് വഴിയാണ് കേരളത്തിൽ എത്തിയത്.ഇവർക്കൊപ്പം എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആറായി. പത്തനംതിട്ടയിൽ ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇറ്റലിയിൽ നിന്ന് എത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ ദമ്പതികൾക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ഇവരുടെ സ്രവങ്ങൾ പരിശോധിക്കും. റാന്നിയിലെ വീട്ടിലെത്തി ഇവരുമായി സമ്പർക്കം പുലർത്തിയ കോട്ടയം സ്വദേശികളായ നാല് വയസുകാരനടക്കം പതിനഞ്ചോളം ബന്ധുക്കൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയിൽ നിന്നെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക് വിധേയരാകാതെ ടാക്സിയിൽ റാന്നിയിലേക്ക് പോവുകയായിരുന്നു. അന്ന് മുതൽ വെള്ളിയാഴ്ച വരെ ഇവർ ആളുകളുമായി ഇടപഴകുകയും പൊതുസ്ഥലങ്ങളിൽ പോവുകയും ചെയ്‌തു.

ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ബന്ധുവിന് പനി വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങൾ ശ്രദ്ധിയിൽപ്പെട്ടത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയിൽ നിന്ന് എത്തിയവരോട് ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.

ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍-126) വെനീസ്-ദോഹ വിമാനത്തിലാണ് യാത്ര ചെയ്തത്. 11.20ന് വിമാനം ദോഹയിലെത്തി. ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ വിമാനത്തിൽ സഞ്ചരിച്ചവർ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിർദേശം നൽകി.