തിരുവനന്തപുരം: പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. മനസുരുകുന്ന പ്രാർത്ഥനയോടെ ഭക്ത ലക്ഷങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നത്. രാവിലെ 10.30നാണ് പൊങ്കാല അടുപ്പിൽ തീ പകർന്നത്. ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകംതന്നെ നാടാകെ ഒരുക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകരുകയാണ്.
ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കും കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിച്ചത് സഹമേൽശാന്തിയാണ്. പൊങ്കാലക്കലങ്ങളിൽ പകർന്നുവച്ച വെള്ളം തിളയ്ക്കാൻ ഇനി നിമിഷങ്ങളേ വേണ്ടൂ. ദേവിയെ വണങ്ങി തിളച്ച വെള്ളത്തിലേക്ക് ധാന്യമണികൾ സമർപ്പിക്കും.
അതേസമയം, കൊറോണ പടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് സംസ്ഥാനത്ത് നൽകിയിരിക്കുന്നത്. പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകും. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.