ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ മകൾ റോഷ്ണി കപൂറിനെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞു. അഴിമതി ആരോപണത്തെ തുടർന്ന് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്സ്‌മെന്റ് കസ്റ്റിയിലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലണ്ടനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ റോഷ്ണി കപൂറിനെ വിമാനത്താവളത്തിൽ തടഞ്ഞത്. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്.
യെസ് ബാങ്ക് അഴി ആരോപണത്തെ തുടർന്ന് റോഷ്ണി കപൂറിനും കുടുംബാംഗങ്ങൾക്കെതിരെയും എൻഫോഴ്സ് മെന്റ് ഡയറക്റ്ററേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. യെസ് ബാങ്കിന്റെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം അന്വേഷിച്ച ഏജൻസി ഞായറാഴ്ച റാണ കപൂറിനെ ചോദ്യം ചെയ്യുകയും റാണ കപൂറിന്റെയും മക്കളുടെയും വീടുകളിൽ തെരച്ചിൽ നടത്തുകയും ചെയ്തു.
യെസ് ബാങ്ക് 3,700 കോടി വില വരുന്ന കടപ്പത്രം ദിവാൻ ഹൗസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡിൽ എന്ന കമ്പനിയിൽ നിന്ന് വാങ്ങിയതായും പ്രത്യുപകാരമായി ദിവാൻ ഹൗസിങ് റാണ കപൂറിന്റെ മക്കളായ റോഷ്ണി കപൂർ, രാഖി കപൂർ ടൺടൻ, രാധ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡോയിറ്റ് എന്ന സ്ഥാപനത്തിന് 600 കോടി രൂപയുടെ വായ്പ അനുവദിച്ചതായും എൻഫോഴ്സ്‌മെന്റ് കോടതിയിൽ വാദിച്ചിരുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന വാദത്തിൽ 4,300 കോടിയുടെ അനധികൃത ഇടപാട് റാണ കപൂർ നടത്തിയെന്നും അന്വേഷണത്തോട് കപൂർ സഹകരിക്കുന്നില്ലെന്നും വാദിഭാഗം വക്കീൽ സുനിൽ ഗോൺസാൽവസ് കോടതിയിൽ പറഞ്ഞു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ റാണ കപൂർ നിഷേധിച്ചു. റിസർവ് ബാങ്ക് മൊറട്ടോറിയം പുറപ്പെടുവിക്കുകയും നിശ്ചിതതുക മാത്രമേ പിൻവലിക്കാനാകു എന്ന നിബന്ധന ഏർപ്പെടുത്തിയതിന് പിന്നാലെ യെസ് ബാങ്കിന്റെ ഇടപാടുകാരിലാരോ ആരോപണങ്ങൾ പൊതുസമൂഹത്തിൽ പറഞ്ഞുപരത്തിയതാണെന്ന് കപൂറിന്റെ വക്കീലായ സയിൻ ഷറഫ് കോടതിയിൽ വാദിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തിരുന്നു. നിലവിൽ യെസ് ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 49 ശതമാനം ഓഹരി വാങ്ങാൻ തയ്യാറാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശനിയാഴ്ച അറിയിച്ചു. അതോടൊപ്പം ദിവാൻ ഹൗസിങിന്റെയും പഞ്ചാബ്, മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.