പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ യാത്രാ വിവരമോ പനി ബാധിച്ച കാര്യമോ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ബന്ധുക്കൾ ചികിത്സ തേടിയപ്പോഴാണ് ആരോഗ്യ വകുപ്പ് വിവരം അറിഞ്ഞത്. വിവാദമുണ്ടാക്കേണ്ട സമയമല്ല ഇതെന്നും കളക്ടർ വ്യക്തമാക്കി. പത്ത് പേരാണ് കോന്നിയിൽ ഇപ്പോഴും ഐസൊലേഷൻ വാർഡിൽ ഉള്ളത്. ഐസൊലേഷൻ വാർഡുകളുടെ എണ്ണം കൂട്ടും. വിവാഹം രണ്ടാഴ്ച മാറ്റിവയ്‌ക്കണമെന്നും അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണമെന്നും കളക്ടർ നിർദേശിച്ചു.
അതേസമയം, രോഗ സാദ്ധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്നാണ് റാന്നി സ്വദേശികൾ വ്യക്തമാക്കിയിരുന്നത്. 29 ന് കൊച്ചി വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുവിന് രോഗ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷണങ്ങളുമായി വീട്ടിലെത്തുന്നത്.
യാത്രാ വിവരം അറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അടക്കമുള്ള വിവരങ്ങൾ പറഞ്ഞിരുന്നു. ഹൈപ്പര്‍ ടെൻഷന് ചികിത്സ തേടി എന്ന് മാത്രമാണ് പറഞ്ഞത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നത് അപ്പോഴും മറച്ച് വയ്ക്കുകയാണ് കുടുംബം ചെയ്തത്. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്ന് ഡോളോയും വാങ്ങിയെന്ന് അറിഞ്ഞതെന്നും കളക്ടര്‍ പറഞ്ഞു. ആംബുലൻസിൽ വരാൻ തയ്യാറാകാതെ ഇവരുടെ സ്വന്തം വാഹനത്തിലാണ് ആശുപത്രിയിൽ പോയതെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.