ന്യൂഡൽഹി: ബംഗ്ലാദേശിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദർശനം റദ്ദാക്കി. ഈ മാസം 17ാം തീയ്യതിയാണ് മോദി ബംഗ്ലാദേശിലെ ധാക്ക സന്ദർശിക്കാനിരുന്നത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം.
ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ രണ്ടു പേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. പൊതുചടങ്ങുകൾ ബംഗ്ലാദേശും വെട്ടിക്കുറച്ചിട്ടുണ്ട്. കൊറോണ വ്യാപകമാകുന്നത് തടയുന്നതിന്റെ ഭാഗമായി ശൈഖ് മുജീബുർ റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഹോളി ആഘോഷം ഒഴിവാക്കിയിട്ടുണ്ട്. ബ്രസൽസില്‍ നടത്താനിരുന്ന യൂറോപ്യൻ യൂണിയനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും നേരത്തെ റദ്ദാക്കിയിരുന്നു. ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്. അതിനിടെ ജമ്മുകാശ്മീരിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് തിരിച്ചെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 42 പേർക്കാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.