corona-virus

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വെെറസ് പടരുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും പരീക്ഷകൾക്ക് മാറ്റമില്ല. എസ്.എസ്.എൽ.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തന്നെ ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. പത്തനംതിട്ട ജില്ലയിൽ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌കും ലഭ്യമാക്കും.