corona-arivu

ക്ളോറിനോ ആൽക്കഹോളോ ചർമ്മത്തിൽ പുരട്ടുന്നത് കൊറോണ വൈറസിനെ നശിപ്പിക്കും!

ഇവ ശരീരത്തിൽ പ്രയോഗിക്കുന്നത് ആരോഗ്യകരമല്ല. കണ്ണുകളിലോ വായിലോ പുരണ്ടാൽ മറ്റ് അപകടങ്ങൾക്ക് ഇടയാക്കും. രോഗാണുബാധയുള്ള വസ്തുക്കളെ അണുവിമുക്തമാക്കാൻ ഇവ ഉപയോഗിക്കാമെങ്കിലും ശരീരത്തിൽ പുരട്ടാതിരിക്കുക. മാത്രമല്ല, ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞ വൈറസുകളെ നശിപ്പിക്കാൻ ഇവയ്‌ക്ക് സാദ്ധ്യവുമല്ല.

പ്രായമായവരിലും കൊച്ചു കുഞ്ഞുങ്ങളിലും മാത്രമേ വൈറസ് ബാധയുണ്ടാകൂ!

കൊറോണ വിഭാഗത്തിലെ ഏതു വൈറസും ഏതു പ്രായക്കാരെയും ബാധിക്കാം. പ്രായമേറുമ്പോൾ ശരീരത്തിന്റെ പ്രതിരോധ ശേഷി പൊതുവെ കുറയുമെന്നതുകൊണ്ട് രോഗബാധയ്‌ക്ക് സാദ്ധ്യത അധികമാണ് എന്നേയുള്ളൂ. ഇവർ പ്രമേഹം,​ ആസ്ത്‌മ തുടങ്ങിയ മറ്റ് രോഗാവസ്ഥകൾ ഉള്ളവരാണെങ്കിൽ കൂടുതൽ സൂക്ഷിക്കണം. ചെറിയ കുട്ടികളിലും പ്രതിരോധ ശേഷിയുടെ ദുർബലാവസ്ഥ കാരണം സാദ്ധ്യത അധികമാണ്.

ഫ്ളൂ വൈറസിന് സമാനമാണ് കൊറോണ വൈറസ് !

ഫ്ളൂ വൈറസും സാർസ്- കൊറോണ വൈറസും കാരണമുണ്ടാകുന്ന രോഗലക്ഷണങ്ങൾ ഏറക്കുറെ ഒരുപോലെയായിരിക്കും.പനി,​ ചുമ,​ ശ്വസനതടസ്സം,​ തലവേദന തുടങ്ങിയ ലക്ഷണങ്ങൾ രണ്ടിനും പൊതുവാണ്. അതേസമയം,​ കൊറോണ വൈറസ് കാരണമുള്ള ലക്ഷണങ്ങളും പ്രത്യാഘാതവും ഫ്ളൂവിനെ അപേക്ഷിച്ച് കുറേക്കൂടി തീവ്രമാണ്. അതുകൊണ്ട് രണ്ടു വൈറസും ഒരുപോലെയാണ് എന്നു പറയുന്നത് ശരിയല്ല.

കൊറോണ ബാധിച്ചാൽ മരണസാദ്ധ്യത അധികമാണ് !

കൊറോണ വൈറസ് ബാധ ചിലരിൽ അത്ര തീവ്രമായിരിക്കണമെന്നില്ല. തുടക്കത്തിൽത്തന്നെ വിദഗ്ദ്ധ ചികിത്സയും പരിചരണവും ലഭിച്ചാൽ പൂർണമായും ഭേദമാകും. 80 ശതമാനത്തിലധികം കൊറോണ കേസുകളും ഇത്തരത്തിൽ തീവ്രമല്ലാത്ത സ്വഭാവത്തിലുള്ളതാണ്. അതേസമയം,​ ചിലരിൽ രോഗാണുബാധ തീവ്രതരമായിരിക്കും. ഇവരിൽ അപകടസാദ്ധ്യത കൂടിയിരിക്കുകയും ചെയ്യും.

വളർത്തുമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊറോണ പകരും!

നായ്,​ പൂച്ച എന്നിവ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് കൊറോണ വൈറസ് പകരുമെന്നതിന് നിലവിൽ അധികം തെളിവുകളില്ല. ഹോങ്കോങിൽ മാത്രമാണ് ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആ കേസിലാകട്ടെ,​ നായ്ക്കുട്ടിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.മനുഷ്യനിലേക്ക് കൊറോണ പടരുന്ന കേസുകളാണ് നിലവിൽ ഭയക്കേണ്ടത്.

ഫേസ് മാസ്കുകൾ രോഗബാധ തടയും!

ശ്വസനത്തിലൂടെ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതു തടയാൻ ഗുണനിലവാരമുള്ള മാസ്കുകൾ നല്ലതാണെങ്കിലും,​ അവ മൂക്കിനോട് പറ്റിച്ചേർന്നല്ല ഇരിക്കുന്നതെങ്കിൽ പ്രയോജനമുണ്ടാകില്ല. അടുത്തു നിൽക്കുന്നയാൾ തുമ്മുമ്പോഴോ ചീറ്റുമ്പോഴോ തെറിക്കുന്ന സ്രവങ്ങളുടെ തീരെച്ചെറിയ അംശങ്ങൾ ഇതിലൂടെ പ്രവേശിച്ചേക്കാം. രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുന്നത് മറ്റുള്ളവരുടെ സുരക്ഷിതത്വത്തിന് നല്ലതാണ്.

ഹാൻഡ് ഡ്രൈയറുകൾ വൈറസിനെ നശിപ്പിക്കും!

ഹാൻഡ് ഡ്രൈയറുകൾ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന ധാരണ തെറ്റാണ്. വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈകൾ 20 സെക്കൻഡ് നേരം നന്നായി കഴുകുന്നതാണ് ഫലപ്രദം. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗവും ഇതാണ്. കൈകൾ കഴുകി വൃത്തിയാക്കിയ ശേഷം ആൽക്കഹോൾ ഘടകം ഉൾക്കൊള്ളുന്ന ലോഷനുകൾ പുരട്ടുന്നത് നല്ലതാണ്.

വൈറസ് ബാധിക്കാൻ പത്തു മിനിട്ട് സമയം വേണം!

കൊറോണ വൈറസ് ബാധിച്ച ഒരാളുമായി പത്തു മിനിട്ട് നേരം അടുത്ത് ഇടപഴകിയെങ്കിലേ വൈറസ് പകരൂ എന്നു പറയുന്നത് തെറ്റാണ്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന സമയം കൂടുന്തോറും അണുബാധയ്ക്കുള്ള സാദ്ധ്യത അധികമാകും എന്നേയുള്ളൂ. വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗിയുടെ ഒരു തുമ്മൽ തന്നെ അണുബാധയേല്ക്കാൻ ധാരാളം. രോഗികളെ മറ്റുള്ളവരുമായി ഇടപഴകാൻ തീരെ അനുവദിക്കാത്തത് അതുകൊണ്ടാണ്.