
തിരുവനന്തപുരം: ചർച്ചകൾ പൂർത്തിയാക്കി കുട്ടനാട് സീറ്റിനെക്കുറിച്ചുള്ള യു.ഡി.എഫ് തീരുമാനം നാളെതന്നെ ഉണ്ടായേക്കും. കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങളുമായുള്ള ചർച്ച പൂർത്തിയാക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനാണ് സാദ്ധ്യത കൂടുതൽ. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനുള്ളതാണെന്ന് വ്യക്തമാക്കി, എന്നാൽ, നിലവിലെ സാഹചര്യത്തിൽ പകരം മറ്റൊരു സീറ്ര് അവർക്ക് വാഗ്ദാനം നൽകിയാവും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുക. അതേസമയം, കുട്ടനാട് ഏറ്റെടുക്കുന്നതിന് പകരം ഏത് സീറ്റ് കേരള കോൺഗ്രസിന് നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടായേക്കില്ല എന്നാണ് സൂചന.
പകരം, വരുന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യതയുള്ള സീറ്റ് നൽകാമെന്ന ഉറപ്പ് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിന് നൽകും. കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഈയൊരു പ്രത്യേക സാഹചര്യത്തിൽ സീറ്റ് ഏറ്റെടുക്കുകയാണെന്നുമുള്ള ഉറപ്പ് നൽകണമെന്നാണ് ജോസഫ് വിഭാഗം നേതാക്കളുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഒരു തോൽവി യു.ഡി.എഫിന് താങ്ങാനാകില്ല എന്ന ചിന്തയാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിനെ ശക്തമായി പ്രേരിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവർക്ക് പുറമേ മുസ്ലീം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറുമാണ് ജോസ്-ജോസഫ് വിഭാഗം നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. അതേസമയം ചർച്ചകൾ പൂർത്തിയാകും മുമ്പ് തന്നെ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. കോൺഗ്രസിൽ നിന്ന് ജോസഫ് വാഴയ്ക്കന്റെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, സജി ജോസഫ് എന്നിവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്.
നിയമസഭയിൽ യു.ഡി.എഫിന് ഈഴവ പ്രാതിനിദ്ധ്യമില്ലാത്തത് മറികടക്കാൻ അതേ സമുദായത്തിൽ നിന്നൊരു സ്ഥാനാർത്ഥി വരണമെന്ന ചർച്ചയും പാർട്ടിയിൽ സജീവമാണ്. ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന് നറുക്ക് വീഴാനുള്ള സാദ്ധ്യതയുമുണ്ട്. മണ്ഡലത്തിൽ നിന്ന് തന്നെയുള്ള സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ഉയർന്നാൽ എ.ഐ.സി.സി അസംഘടിത തൊഴിലാളി വിഭാഗത്തിന്റെ ദേശീയ കോ- ഓർഡിനേറ്റർ അനിൽ ബോസിന്റെ പേരും പരിഗണിച്ചുകൂടായ്കയില്ല.
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ സ്ഥലം എം.പിയായ കൊടിക്കുന്നിലിന്റെയും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും നിലപാട് നിർണായകമാകും. കേരള കോൺഗ്രസ് നേതാക്കളുമായി ആദ്യഘട്ടങ്ങളിൽഅനൗദ്യോഗിക ചർച്ചകൾ നടത്തിയത് കൊടിക്കുന്നിലായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാനഘട്ടത്തിൽ കെ.സി. വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ചില നേതാക്കൾ പറയുന്നു.