ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ നാമനിർദേശത്തിനെതിരെ പാർട്ടി. രണ്ടാം വട്ടമാണ് യെച്ചൂരിക്ക് ലഭിക്കുന്ന രാജ്യസഭാ അംഗത്വത്തിനുമേൽ പാർട്ടി വിലങ്ങുതടി ഇട്ടത്. സി.പി.എമ്മിന്റെ രാഷ്ട്രീയ ദർശനങ്ങളും പാർട്ടി അജണ്ടയും വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള യെച്ചൂരിയുടെ രാജ്യസഭ നാമനിർദേശത്തെ അനുകൂലിക്കുന്നില്ല എന്നാണ് പാർട്ടിയുടെ അനുമാനം.
ഫെബ്രുവരി 6ന് ഡൽഹിയിൽ നടന്ന സമ്മേളനത്തിലാണ് പാർട്ടി ഇത്തരത്തിലൊരു നിലപാടെടുത്തത്. മുൻപ് കേരത്തിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തെയും പാർട്ടി തള്ളിയിരുന്നു. പശ്ചിമ ബംഗാൾ ഘടകത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള നാമനിർദേശം ചെയ്യാമെന്ന അഭിപ്രായവും ഉണ്ടായിരുന്നു.
2005നും 2017നുമിടയിൽ തുടർച്ചയായി രണ്ട് പ്രാവശ്യം യെച്ചൂരി രാജ്യസഭ അംഗമായിട്ടുണ്ട്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാൾ പിടിച്ചെടുത്തതോടെ അവിടെ ശക്തി ക്ഷയിച്ച സി.പി.എമ്മിന് കോൺഗ്രസ് രാജ്യസഭ സീറ്റ് വാഗ്ദാനം നൽകിയിരുന്നു. സി.പി.എം പശ്ചിമ ബംഗാളിൽ നേരിടുന്ന എതിരാളികളാണ് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും അതിനാൽ പാർട്ടിയുടെ കാഴ്ചപാടിനെ മുൻനിറുത്തി സി.പി.എം കോൺഗ്രസിന്റെ വാഗ്ദാനം തള്ളുകയായിരുന്നു. റിതഭ്രാത ബന്തോപാധ്യായ 2017ൽ കാലാവധി കഴിഞ്ഞ് പുറത്തുപോയതോടെ സി.പി.എമ്മിന് പശ്ചിമബംഗാളിൽ രാജ്യസഭാ അംഗങ്ങളില്ല.
സീതാറാം യെച്ചൂരിയുടെ രാജ്യസഭ നാമനിർദേശം പാർട്ടിയിൽ വിള്ളലുണ്ടാക്കുമെന്നാണ് ശത്രുക്കൾ കരുതുന്നതെന്നും എന്നാൽ പാർട്ടിയുടെ അജണ്ടയും ദർശനങ്ങളും ഓരോ സഖാക്കൾക്കും നിശ്ചയമുണ്ടെന്നും അതിനനുസരിച്ചേ അവർ മുന്നോട്ടു പോകുവെന്നും സി.പി.എമ്മിന്റെ ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി. സി.പി.എമ്മിന് പാർലമെന്റിലേക്ക് നാമനിർദേശം നൽകുന്നതിന് വ്യക്തമായ നടപടി ക്രമങ്ങളുണ്ടെന്നും അതനുസരിച്ചേ പാർട്ടി പ്രവർത്തിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന്റെ ശക്തരായ നേതാക്കളിൽ ഒരാളാണ് സീതാറാം യെച്ചൂരി. അദ്ദേഹം പാർലമെന്റിലെത്തിയാൽ ബി.ജെ.പിയുടെയും മോദി സർക്കാറിന്റെയും ദുർനയങ്ങൾക്കെതിരെ പോരാടുമെന്നാണ് സി.പി.എമ്മിന്റെ അനുഭാവികൾ പറയുന്നത്.