ന്യൂഡൽഹി: കൊറോണ (കൊവിഡ് 19) ബാധിച്ച രാജ്യങ്ങളിൽ നിന്നടക്കം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങൾ സുരക്ഷിതമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിട്ടി. ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് ബാധയേറ്റതായി ഒരു കേസ് പോലും ലോകത്ത് എവിടെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ശീതീകരിച്ച മാംസാഹാരങ്ങൾ അടക്കം ഭക്ഷ്യയോഗ്യമാണ്.
മാംസാഹാരം രോഗവാഹിനി അല്ല. കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം തുടങ്ങിയവയിലൂടെ കൊറോണ പകരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രതിരോധമെന്ന നിലയിൽ പച്ചയ്‌ക്കോ പകുതി വേവിച്ചോ മാംസാഹാരങ്ങൾ ഭക്ഷിക്കരുതെന്നും പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ശുചിത്വം ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അതോറിട്ടി അധികൃതർ പറഞ്ഞു.
കോഴിയിറച്ചിയിലൂടെ കൊറോണ പകരുമെന്ന പ്രചാരണങ്ങളിൽ കഴിഞ്ഞ ഒരു മാസം 1,750 കോടിയുടെ നഷ്ടമാണ് രാജ്യത്താകമാനമുണ്ടായത്. ശാസ്ത്രീയമല്ലാത്ത പ്രചാരണങ്ങളിൽ വിശ്വസിക്കരുത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ജി.എസ്.ജി. അയ്യങ്കാർ, ചീഫ് എക്സി.ഓഫീസർ, എഫ്.എസ്.എസ്.എ.ഐ.