bindu-paniker-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്ക‌റും മൊഴി മാറ്റി. പൊലീസിനോട് ആദ്യം പറഞ്ഞ മൊഴി കോടതിയിൽ മാറ്റിപറയുകയായിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്ക് മുമ്പ് നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബു കൂറുമാറിയിരുന്നു. തന്റെ അവസരങ്ങൾ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഇത് നിഷേധിക്കുകയായിരുന്നു.

അതേസമയം,സുനിൽ കുമാർ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എന്നാൽ കേസ് രണ്ടായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹർജി തള്ളിയത്.

കുഞ്ചാക്കോ ബോബനും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായിരുന്നു. ദിലീപിന് നടിയോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള താരങ്ങളെ വിസ്‌തരിച്ചത്. മുമ്പ് രണ്ട് തവണ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചിട്ടുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്ക് കാരണം താരത്തിന് ഹാജരാകാൻ സാധിച്ചിരുന്നില്ല.