corona-

പത്തനംതിട്ട: ഇറ്റയിലിൽ നിന്ന് വിമാനം കയറുമ്പോൾ തന്നെയും കുടുംബത്തെയും കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെന്നും ഫലം നെഗറ്റീവായിരുന്നെന്നും കൊറോണ ബാധിതനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന യുവാവ് പറഞ്ഞു.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ റാന്നി സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് യുവാവ്.

വിമാനമിറങ്ങുമ്പോൾ കൊച്ചിയിൽ പരിശോധന നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. നാല് വർഷമായി ഇറ്റലിയിലായിരുന്നു എന്ന് ഇമിഗ്രേഷനിൽ പറഞ്ഞതാണ്. എന്നാൽ, ആരോഗ്യ പരിശാേധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടില്ലെന്നും യുവാവ് പറയുന്നു. നാട്ടിൽ വന്ന ശേഷം അമ്മയ്ക്ക് രക്തസമ്മർദ്ദത്തിന് ചികിത്സ നൽകാൻ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. അവിടെ വച്ച് പനിക്കുളള മരുന്നും വാങ്ങിയെന്ന് ഇയാൾ പറയുന്നു.

കളവെന്ന് ജില്ലാ കളക്ടർ
നാട്ടിൽ വലിയ തോതിൽ കൊറോണ പ്രതിരോധ നടപടികൾ നടക്കുമ്പോൾ തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന യുവാവിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. ഇവരുടെ മറ്റ് ബന്ധുക്കൾ പനി ബാധിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഇറ്റലിയിൽ നിന്ന് വന്നവരെപ്പറ്റിയും അവർ പനിക്ക് മരുന്ന് വാങ്ങിയതിനെപ്പറ്റിയും അറിയുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുടുംബത്തെ ബന്ധപ്പെട്ടപ്പോൾ പനിയുണ്ടെന്ന കാര്യം സമ്മതിച്ചു. ആംബുലൻസ് വിടാമെന്ന് പറഞ്ഞെങ്കിലും അത് നിരസിച്ച് സ്വന്തം വാഹനത്തിലാണ് അവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയത്. ചൈനയിലും ഇറ്റലിയിലും കൊറോണ ഉണ്ടെന്ന് നേരത്തേ വിവരം പുറത്തുവന്നതാണ്. വിമാനത്താവളത്തിൽ വച്ച് കുടുംബം പരിശോധനയ്ക്ക് വിധേയരായിരുന്നെങ്കിൽ രോഗം മറ്റുളളവരിലേക്ക് വ്യാപിക്കുന്നത് ഒഴിവാക്കാമായിരുന്നെന്നും കളക്ടർ പറഞ്ഞു.