റോം: ലോകത്ത് കൊറോണ (കൊവിഡ് -19) ഭീതി തുടരുന്നു. ചൈനയിൽ മരണ നിരക്കിന് കുറവുണ്ടെങ്കിലും ഇറ്റലിയിൽ മരണസംഖ്യ വ്യാപകമായി ഉയരുകയാണ്. 366 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് 7,375 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനും പ്രതിസന്ധിയിൽ
ഞായാറാഴ്ച 49 പേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 194 ആയി. ഇതുവരെ 6566 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ എയർവേസ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾ പ്രതിരോധ നടപടികളിലേക്ക്
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സൗദിയിലെ വിദ്യാലയങ്ങൾക്ക് ഇന്നലെ മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. യു.എ.ഇ, കുവൈറ്റ്, ബഹ്റൈൻ, ലബനൻ, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്റ്റ്, ഇറാക്ക്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ സൗദി താത്കാലികമായി നിറുത്തിവച്ചു.
അതേസമയം ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഈജിപ്റ്റ് ഇറാൻ, ഇറാക്ക്, ലെബനൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്ക് ഖത്തറും ഇന്നലെ മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇത് കൂടാതെ, ഖത്തർ എയർവേയ്സ് ഇറ്റലിയിൽ നിന്നുള്ള വിമാന സർവീസും നിറുത്തിവച്ചിട്ടുണ്ട്.
അമേരിക്ക ജാഗ്രതയിൽ
അമേരിക്കയിൽ മരണസംഖ്യ 22 ആയി. 539പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡി.സി, ന്യൂയോർക്ക്, കാലിഫോർണിയ, ഒറോഗോൺ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ഥിരീകരിച്ച രാജ്യങ്ങൾ:109
ആകെ മരണം: 3,884
രോഗബാധിതർ: 111,318
ചൈനയിലെ മരണസംഖ്യ:3,120