മുംബയ്: യെസ് ബാങ്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്ഥാപകൻ റാണ കപൂർ, ഭാര്യ ബിന്ദു, മക്കളായ രാഖി കപൂർ ടണ്ടൻ, റോഷ്നി കപൂർ, രാധ കപൂർ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തു. വഞ്ചന, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ, ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ രക്ഷാധികാരി കപിൽ ധവാൻ, സഹോദരൻ ധീരജ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് റാണ കപൂറിന്റെ വസതിയിലും ഒൗദ്യോഗിക സ്ഥാപനങ്ങളിലും അടക്കം ഏഴിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി.
ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് 300 കോടി രൂപ വായ്പ നൽകിയിരുന്നു. അതിന് പിന്നാലെ ബിന്ദുവിന്റെ അക്കൗണ്ടിൽ 600 കോടി രൂപ എത്തിയിരുന്നു. ഇത് കോഴയാണെന്നാണ് ആരോപണം. റാണയുടെ മക്കൾക്കും ഇടപാടിന്റെ നേട്ടം ലഭിച്ചെന്നും ആരോപണമുണ്ട്.
യെസ് ബാങ്കിന്റെ മോറട്ടോറിയം നീക്കിയേക്കും
യെസ് ബാങ്കിന്റെ മോറട്ടോറിയം 14ഓടെ നീക്കിയേക്കുമെന്നും എന്നാൽ ഇത് എസ്.ബി.ഐ നൽകുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.
അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എസ്.ബി.ഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. പണം ലഭിച്ചാൽ ശനിയാഴ്ചയോടെ മോറട്ടോറിയം നീക്കും- പ്രശാന്ത് പറഞ്ഞു. ഏപ്രിൽ മൂന്നുവരെ ഒരുമാസത്തേക്കാണ് ബാങ്കിന് മേൽ ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ബാങ്കിന്റെ എ.ടി.എം, ഇന്റർനെറ്റ് ബാങ്കിംഗ്, യു.പി.ഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ താറുമാറായിരുന്നു.