ന്യൂഡൽഹി: കേരളത്തിൽ കോവിഡ്-19 പുതിയ കേസ് റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിലായി മൂന്നുപേർക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരുൾപ്പടെ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 43 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഇറാനിൽ നിന്ന് ജമ്മുവിലെത്തിയ 63കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജമ്മുവിൽ 400 പേർ നിരീക്ഷണത്തിലാണ്. രാജ്യത്തുനിന്ന് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 150 പേരുടെ സാമ്പിൾ പൂനെ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. അവയുടെ ഫലം വൈകുന്നേരത്തോടെ പുറത്തുവരും. പരിശോധനഫലം പുറത്തുവരുന്നതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയരുമെന്നാണ് നിഗമനം.
നാൽപ്പത്തിയെട്ട് മണിക്കൂറിനിടെ ആറുപേർക്കാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 വൈറസ് ബാധ ജനുവരി അവസാനത്തോടെ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തെങ്കിലും അവർ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവിൽ 40 പേരാണ് ചികിത്സയിലുള്ളത്. നിരവധിപേർ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.