മനാമ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട സൗദിയിലേക്കുള്ള വിമാനം ബഹ്‌റൈനിൽ ഇറക്കി. കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു വിമാനം ബഹ്‌റൈനിൽ ഇറക്കിയത്. ഇതേ തുടർന്ന് നിരവധി മലയാളികളായ യാത്രക്കാർ ഇപ്പോൾ ബഹ്‌റൈൻ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഏകദേശം 200 മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങികിടക്കുന്നത്. ഇവരെ ഇന്ന് രാത്രിയോടെ മറ്റൊരു വിമാനത്തിൽ കേരളത്തിലേക്ക് മടക്കി അയക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ലബനൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഖത്തർ താത്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.