കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലും ഇതേ കേസിലെ മറ്റു പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് താൻ നൽകിയ കേസിലും ഒരുമിച്ചു വിചാരണ നടത്തുന്നതിനെതിരെ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. താൻ വാദിയും പ്രതിയുമായ കേസുകൾ ഒന്നിച്ചു വിചാരണ നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും അസാധാരണ സാഹചര്യം കണക്കിലെടുത്ത് കുറ്റം ചുമത്തിയതടക്കമുള്ള നടപടികൾ റദ്ദാക്കി രണ്ടു കേസുകളും പ്രത്യേകം വിചാരണ ചെയ്യണമെന്നും ദിലീപിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഇതേ കേസിലെ ഒന്നാം പ്രതി പൾസർ സുനി, ഒമ്പതാം പ്രതി മേസ്തിരി സനിൽ എന്ന സനിൽ കുമാർ, പത്താം പ്രതി വിഷ്ണു എന്നിവർ ചേർന്ന് ജയിലിൽ നിന്ന് ഫോണിൽ വിളിച്ച് രണ്ടു കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് പരാതി നൽകിയിരുന്നു.
ദിലീപ് നൽകിയ പരാതി അന്വേഷിച്ച് തീർപ്പാക്കിയതാണെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന കേസ് നിലവിലില്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദിലീപ് നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് മറ്റു പ്രതികൾ കുറ്റകൃത്യം ചെയ്തത്. മൂന്നു കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തത്. പ്രതികൾ ഇൗ തുക ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ഇതിനെ രണ്ടു കേസായി കാണേണ്ടതില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിന് അനുബന്ധമായുള്ള മറ്റൊരു സംഭവമാണിത്. ഇതിൽ പ്രത്യേക കുറ്റപത്രമൊന്നും നൽകിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.