manchester-united

മാഞ്ചസ്റ്രർ ഡെർബിയിൽ യുണൈറ്രഡിന് ജയം

ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രിമിയർ ഫുട്ബാൾ പ്രേമികൾക്ക് ഏറ്രവും പ്രിയപ്പെട്ട മാഞ്ചസറ്റർ ഡെർബിയിൽ യുണൈറ്രഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റിയെ കീഴടക്കി.

മാഞ്ചസ്റ്രർ യുണൈറ്രഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 30-ാം മിനിട്ടിൽ അന്തോണി മാർട്ടിയാലും രണ്ടാം പകുതിയുടെ അധിക സമയത്ത് സ്കോട്ട് മക്‌റ്രോമിനെയുമാണ് ആതിഥേയർക്കായി സ്കോർ ചെയ്തത്. ജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും യുണൈറ്രഡിനായി. 28 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

30-ാം മിനുട്ടിൽ കിട്ടിയ ഫ്രീകിക്കിൽ നിന്നാണ് മാർട്ടിയാൽ യുണൈറ്രഡിന്റെ ആദ്യ ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ് ചിപ്പ് നൽകിയ പന്ത് മാർട്ടിയാൽ മനോഹരമായി സിറ്റിയുടെ വലയിൽ എത്തിക്കുകയായിരുന്നു. സിറ്രി ഗോളി എഡേഴ്സൺ മൊറേലസിന്റെ പിഴവിൽ നിന്നാണ് കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ മക്റ്രോമിനെ യുണൈറ്രഡിന്റെ വിജയ മുറപ്പിച്ച ഗോൾ നേടിയത്. മൊറേലസ് എറിഞ്ഞ് കൊടുത്ത പന്ത് പിടിച്ചെടുത്ത് മക്റ്രോമിനെ തൊടുത്ത അളന്നു കുറിച്ച ഷോട്ട് യുണൈറ്രഡിന്റെ വിജയമുറപ്പിക്കുകയായിരുന്നു.

ഫെർഗൂസന യുഗത്തിന് ശേഷം ആദ്യമായാണ് പ്രിമിയർ ലീഗ് സീസണിൽ ഇരുപാദങ്ങളിലും സിറ്രിയെ യുണൈറ്രഡ് തോൽപ്പിക്കുന്നത്. ഇതിനു മുമ്പ് 2009-10 സീസണിലാണ് യുണൈറ്രഡിന് ഇരുപാദങ്ങളിലും ജയം നേടാനായത്.

10 - അവസാനം കളിച്ച പത്ത് മത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കാൻ യുണൈറ്രഡിനായി (വിജയം7,​ സമനില 3)​.

7 പ്രിമിയർ ലീഗ് മത്സരങ്ങളിൽ ഈ സീസണിൽ മാൻ. സിറ്റി തോറ്രു. പെപ് ഗാർഡിയോളയുടെ കീഴിൽ സിറ്രി ഒരു പ്രിമിയർ ലീഗ് സീസണിൽ ഇത്രയും മത്സരങ്ങൾ തോൽക്കുന്നത് ആദ്യാമായി.