ന്യൂഡൽഹി: മുൻ കാശ്മീർ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കൽ പിൻവലിച്ച് അവരെ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രമേയത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അനിശ്ചിത കാലത്തേക്ക് വീട്ടുതടങ്കലിലാക്കുന്നത് അവരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. കാശ്മീരിലെ സാധാരണ ജനങ്ങൾക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളും മാന്യതയ്ക്കും നേരെയുള്ള കടന്നാക്രമണത്തിന്റെ തെളിവാണിത്. കാശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്നും പ്രമേയത്തിലുണ്ട്. എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ സെക്യുലർ, സി.പി.എം, സി.പി.ഐ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളും മുൻ ബി.ജെ.പി മന്ത്രിസഭകളിൽ അംഗങ്ങളായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി തുടങ്ങിയവരും പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കോൺഗ്രസ് പ്രമേയത്തിൽ ഒപ്പുവച്ചിട്ടില്ല. ഇതിന്റെ കാരണം വ്യക്തമല്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.