ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള ഭീഷണി ഒഴിയുന്നില്ല.. കോൺഗ്രസ് സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ആറുമന്ത്രിമാർ ഉൾപ്പെടെ 18 കോൺഗ്രസ് എം.എൽ.എമാരെ പ്രത്യേക വിമാനത്തിൽ ബംഗളുരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. അതേസമയം കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലർത്തുന്നവരാണ് ബംഗളൂരുവിലെത്തിയ എം.എൽ.എമാർ എന്നാണ് പുറത്തുവരുന്ന വിവരം.
മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ ബംഗളുരുവിൽ എത്തിച്ചത്. തിങ്കളാഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കാണുകയും സ്ഥിതിഗതികൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാർ ബംഗളുരുവിൽ എത്തിയത്.
ഈ മാസം 16നാണ് മദ്ധ്യപ്രദേശിൽ നിയമസഭാ സമ്മേളനം തുടങ്ങുക. സമ്മേളനത്തിൽ കമൽനാഥ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ..പിയുടെ നീക്കം.