madhyapradesh

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളായ കമൽനാഥും, ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോര് രൂക്ഷമായതോടെ, കമൽനാഥ് സർക്കാർ വീണ്ടും പ്രതിസന്ധിയിലേക്ക്. സിന്ധ്യയോട് അടുപ്പം പുലർത്തുന്ന ആറ് മന്ത്രിമാരടക്കം 17 കോൺഗ്രസ് എം.എൽ.എമാരെ മൂന്ന് പ്രത്യേക വിമാനങ്ങളിൽ ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചതായി റിപ്പോർട്ട്.

ഇന്നലെ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സിന്ധ്യയും ഡൽഹിയിലെത്തിയിരുന്നെങ്കിലും,പാർട്ടി കേന്ദ്ര നേതാക്കളുമായി നടത്തിയ ചർച്ച സുഖകരമായിരുന്നില്ലെന്ന് സൂചനയുണ്ട്.

മദ്ധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് 13ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി,

കോൺഗ്രസുകാർ ഉൾപ്പെടെ 8 എം.എൽ.എമാരെ കഴിഞ്ഞയാഴ്ച ഗുരുഗ്രാമിലെ റിസോർട്ടിലേക്ക് കടത്തിയത്

കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന കോൺഗ്രസിന്റെ ആരോപണം പാർട്ടി നേതൃത്വം നിഷേധിച്ചിരുന്നു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് കോൺഗ്രസ് എം.എൽ.എമാരെ തിരിച്ചെത്തിച്ചത്. പിന്നാലെയാണ്,കോൺഗ്രസിലെ പാളയത്തിൽപ്പട സർക്കാരിന്റെ നിലനിൽപ്പിന് പുതിയ ഭീഷണിയുയർത്തുന്നത്.

2018ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ സിന്ധ്യയുടെ ചെറുതല്ലാത്ത സംഭാവനയുണ്ട്. എന്നിട്ടും,​ 23 എം.എൽ.എമാരുടെ മാത്രം പിൻന്തുണയുള്ളതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമൽനാഥ് സംസ്ഥാനത്തെ കോൺഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ,സിന്ധ്യയുമായി തുറന്ന പോരായി.

അവിശ്വാസത്തിന്

ബി.ജെ.പി

കമൽനാഥ്-സിന്ധ്യ പോര് മുതലെടുത്ത് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.

16ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കം.