infosys

ബംഗളുരു: ആദായ നികുതി ഇളവുകൾ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നാല് ലക്ഷംരൂപയുടെ തട്ടിപ്പ് നടത്തിയ മൂന്ന് സോഫ്റ്റ്വെയർ എൻജിനീയർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ 'ഇൻഫോസോസി'സിൽ ജോലി നോക്കുന്ന മൂന്ന് പേരാണ് നാല്‌ ശതമാനത്തിന്റെ ആദായ ഇളവുകൾ നേടാനുള്ള വഴിയൊരുക്കി തരാമെന്നും പകരം പണം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരെ കബളിപ്പിച്ചത്.

ദേവേശ്വർ റെഡ്ഢി, രെണുഗുണ്ട കല്ല്യാൺ കുമാർ, പ്രകാശ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് കർണാടക പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇൻഫോസിസും കർണാടകയിലെ ഇൻകം ടാക്സ് വകുപ്പും തമ്മിൽ ഉണ്ടായിരുന്ന ഒരു കരാറിനെ ചൂഷണം ചെയ്തുകൊണ്ടാണ് മൂവരും ഈ തട്ടിപ്പ് നടത്തിയത്. ഈ കരാറുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ കൈവശമുള്ള നികുതി അടയ്ക്കുന്നവരുടെ വിവരങ്ങൾ ഇവർ കൈക്കലാക്കിയിരുന്നു.

ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ഈ മൂന്ന് പേരെയാണ് കമ്പനി നിയോഗിച്ചിരുന്നത്. തട്ടിപ്പ് നടത്തി ഇവർ സമ്പാദിച്ച പണമായ നാല് ലക്ഷം രൂപ പൊലീസ് ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ വഞ്ചനാ കുറ്റത്തിനും കബളിപ്പിക്കലിനുമാണ് ഇവർക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. നിലവിൽ ഇവരെ 17 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.