കൊൽക്കത്ത: കൊറോണ ലക്ഷണങ്ങളുമായി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ജനാറുൾ ഹഖ് (33) ആണ് മരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു.
പ്രമേഹം കടുത്തതിനൊപ്പം പനിയും ചുമയും ജലദോഷവും ഉണ്ടായിരുന്നു. കൊറോണ സംശയിച്ചതിനെ തുടർന്ന് ശരീരസ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു.
കൊറോണ ഫലമറിയാൻ കാത്തിരിക്കുകയാണെങ്കിലും അധികൃതർ പ്രതിരോധനടപടികൾ കർശനമാക്കി. കുടുംബാംഗങ്ങളെ മൃതശരീരത്തിൽ സ്പർശിക്കാൻ അനുവദിക്കില്ലെന്നും സുരക്ഷാമാർഗങ്ങൾ സ്വീകരിച്ച് മാത്രമേ അന്തിമകർമങ്ങൾ നടത്താൻ അനുവാദം നൽകൂ എന്നും അധികൃതർ അറിയിച്ചു.