ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന ഇറാനിൽ അകപ്പെട്ട ഇന്ത്യക്കാരെ ഇന്ത്യൻ വ്യോമസേന നാട്ടിലെത്തിക്കും. ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി വ്യോമസേനയുടെ 'സി 17 ഗ്ലോബ് മാസ്റ്റർ' എന്ന പ്രത്യേക വിമാനമാണ് പുറപ്പെടാൻ ഒരുങ്ങുന്നത്. ഈ വിമാനം തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് തിരിക്കും. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വ്യോമസേനയുടെ ഹിന്ദോൻ വ്യോമകേന്ദ്രത്തിൽനിന്നും രാത്രി എട്ടിനായിരിക്കും വിമാനം തിരിക്കുക.
എന്നാൽ ഇതിനു മുൻപേതന്നെ കേന്ദ്രസർക്കാർ ശാസ്ത്രജ്ഞരേയും മൊബൈൽ ലബോർട്ടറികളും ഇറാനിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ പ്രവർത്തനം ആരംഭിക്കുന്നതിനായി കസ്റ്റംസ് അനുമതിക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. ഇറാനിൽനിന്ന് 108 പേരെയാണ് നാട്ടിലെത്തിക്കാനായി വ്യോമസേന ഒരുങ്ങുന്നത്.
ഇവർക്ക് രോഗബാധയില്ലെന്ന സ്ഥിരീകരണം ലഭിച്ച ശേഷമാണ് തിരികെ എത്തിക്കാൻ നടപടി ആരംഭിച്ചത്. ഇറാനിൽ നിലവിൽ രണ്ടായിരത്തോളം ഇന്ത്യക്കാരാണുള്ളത്. മൂന്നു ദിവസം മുൻപ് മഹാൻ എയർലൈൻ വിമാനം 300 ഇന്ത്യക്കാരുടെ സാമ്പിളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവ പരിശോധിച്ച ശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് നാട്ടിലെത്തിക്കുന്നത്.