vella
ശങ്കേഴ്സ് ആശുപത്രിയോട് ചേർന്നുള്ള ശങ്കർ സ്കാൻ സെന്ററിൽ പുതുതായി സ്ഥാപിച്ച സി.ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ മെഷീനുകളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. ഡോ.ജി.ജയദേവൻ, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, എസ്. സുവർണകുമാർ, പാണ്ടിക്കര നടരാജൻ, ഡോ. ജാസ്മിൻ തുടങ്ങിയവർ സമീപം

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയെ പുനരുദ്ധരിച്ച് എല്ലാവരുടെയും ആശാകേന്ദ്രവും അഭിമാന സ്തംഭവുമാക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശങ്കേഴ്സ് ആശുപത്രിയോട് ചേർന്നുള്ള ശങ്കർ സ്കാൻ സെന്ററിൽ സി.ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ യന്ത്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശങ്കേഴ്സിനെ തകർക്കാൻ ശ്രമിച്ചവർ തങ്ങൾക്ക് 25 വർഷത്തേക്ക് അശുപത്രി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി വന്നിരിക്കുകയാണ്. വെടക്കാക്കി തനിക്കാക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ബ്ലേഡുകാരെപ്പോലെ വന്നിരിക്കുന്നവരെ വിശ്വസിക്കാനാകില്ല. അതുകൊണ്ട് ശങ്കേഴ്സിന്റെ മുന്നേറ്റത്തിനായി ഒരു കൂട്ടയോട്ടത്തിന് എല്ലാവരും തയ്യാറാകണം. ആശുപത്രി തങ്ങളുടെ ജീവിതമാണെന്ന് ജീവനക്കാ‌ർ മനസിലാക്കണം. ശങ്കേഴ്സിൽ പുതിയൊരു സംസ്കാരം ഉണ്ടാക്കണം.

യൂണിയന്റെയോ ശാഖയുടെയോ കത്തുമായി വരുന്നവർക്ക് ബില്ലിൽ അഞ്ച് ശതമാനം കിഴിവ് നൽകും. അടുത്തമാസം മുതൽ ജീവനക്കാർക്ക് 10ന് മുൻപ് ശമ്പളം നൽകും. കുടിശികയും തീർക്കും. കൂടുതൽ ശക്തിയോടെ ഒറ്റക്കെട്ടായി നിൽക്കുന്നതിനൊപ്പം നമ്മുടേതാണെന്ന വികാരം കൂടി മനസിലുണ്ടായാൽ ആശുപത്രി മുന്നേറും. ഡോക്ടർമാരടക്കമുള്ള എല്ലാവിഭാഗം ജീവനക്കാരുമായും പ്രത്യേകം ചർച്ച നടത്തും. ജീവനക്കാർ അവകാശത്തിനൊപ്പം കടമകളെക്കുറിച്ചും ബോധവാന്മാരാകണം. ആശുപത്രി നല്ലനിലയിൽ പ്രവർത്തിച്ചപ്പോഴും വിമർശനങ്ങൾ ഉണ്ടായിരുന്നു. എതിർക്കുന്നവർ ആശുപത്രിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ആർ.ശങ്കറിനെ തകർത്ത ക്ഷുദ്ര ശക്തികളാണ് ഇപ്പോൾ ശങ്കേഴ്സിനും യോഗത്തിനും ട്രസ്റ്റിനും എതിരെ നിൽക്കുന്നത്. ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിവാദങ്ങൾ ഉണ്ടാക്കി. ആറ് വർഷം മുൻപ് അഞ്ചുകോടി ചെലവിൽ പുതിയ ഉപകരണങ്ങൾ വാങ്ങാൻ ശ്രമിച്ചപ്പോൾ കേസ് കൊടുത്ത് തടസപ്പെടുത്തി. അന്ന് അഞ്ചുകോടി ചെലവിട്ട് നവീകരിച്ചെങ്കിൽ ആശുപത്രി ഇപ്പോഴത്തെ അവസ്ഥയിൽ എത്തുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി.ജയദേവൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പാണ്ടിക്കര നടരാജൻ, ഡോ.ജാസ്മിൻ തുടങ്ങിയവർ ആശംസകൾ നേർന്നു. എസ്.സുവർണകുമാർ സ്വാഗതവും കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.