jail

തലശ്ശേരി: ഭർതൃസഹോദരിയുടെ ഒന്നര വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി.എൻ. വിനോദ് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പന്ന്യന്നൂർ ചമ്പാട്ടെ നൗഷാദ് നിവാസിൽ നിയാസിന്റെ ഭാര്യ നയീമയെയാണ് (29) ശിക്ഷിച്ചത്. നയീമയുടെ ഭർത്തൃ സഹോദരീ പുത്രനായ പാനൂർ ഏലാങ്കോട്ടെ പുതിയ വീട്ടിൽ ഹാരിസിന്റെ മകൻ അദ്നാൻ (ഒന്നര) ആണ് കൊലചെയ്യപ്പെട്ടത്.
2011 സെപ്തംബർ 17ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഏലാങ്കോട്ടെ പുതിയവീട്ടിൽ ഹൗസിലെ മുറ്റത്ത് കളിക്കുകയായിരുന്ന അദ്നാനെ എടുത്തുകൊണ്ടുപോയി സമീപത്തെ കിണറ്റിൽ എറിയുകയായിരുന്നു. ഭർത്താവിന്റെ സഹോദരി നിസാനിയുടെ ഇളയ കുട്ടിയായിരുന്നു അദ്നാൻ. ഇവരോടുള്ള ശത്രുതയാണ് ക്രൂരകൃത്യത്തിന് നയീനയെ പ്രേരിപ്പിച്ചത്. പാനൂർ പൊലീസാണ് കേസ് ചാർജ് ചെയ്തിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ രാമചന്ദ്രൻ ഹാജരായി.