ആലുവ: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് വാങ്ങിയാണ് ഇരുപതോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം മണപ്പുറം റോഡിലെ 'പെരിയാർ ക്രസന്റ്' വീട്ടിൽ റെയ്ഡ് നടത്തുന്നത്.
നിയമസഭാസമ്മേളനം നടക്കുന്നതിനാൽ ഇബ്രാഹിംകുഞ്ഞ് തിരുവനന്തപുരത്താണ്. എം.എൽ.എയുടെ ഭാര്യയും മക്കളും വീട്ടിലുണ്ട്. ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് റെയ്ഡ്. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ച ശേഷമാണ് ആർ.ഡി.എസ് കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതെന്നും അത് താൻ മാത്രം എടുത്ത തീരുമാനമല്ലെന്നും പൊതുമരാമത്ത് വകുപ്പ് മുൻസെക്രട്ടറി ടി.ഒ. സൂരജ് മൊഴി നൽകിയിരുന്നു. ഇബ്രാഹിം കുഞ്ഞിനെ നേരത്തെ മൂന്നുതവണ ചോദ്യം ചെയ്തു. കമ്പനികൾക്ക് മുൻകൂർ പണം നൽകാൻ മന്ത്രിസഭയാണ് തീരുമാനിച്ചതെന്നും അതുപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് നൽകിയമൊഴി വിജിലൻസ് തള്ളിയിരുന്നു.മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അമീർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും റെയ്ഡ് വിവരമറിഞ്ഞ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി.