vipin-mohan

തൃശൂർ: തൃശൂർ സിറ്റി പൊലീസിന്റെ ഫുട്‌ബാൾ അക്കാഡമിയിൽ പരിശീലനം നേടിയ തൃശൂർ സ്വദേശി വിപിൻ മോഹനെ ഇന്ത്യൻ അണ്ടർ 17 ഫുട്‌ബാൾ ടീമിലേക്ക് തെരഞ്ഞെടുത്തു. ഭുവനേശ്വറിൽ നടക്കുന്ന ക്യാമ്പിലേക്ക് വിപിൻ നാളെ യാത്ര തിരിക്കും.

2011-15 മുതൽ പൊലീസ് ക്യാമ്പിലെ താരമായ വിപിൻ, മലപ്പുറം എം.എസ്.പിയിലായിരിക്കെ പത്താം ക്ളാസ് പാസായി. അതിനിടെ ജൂനിയർ ബ്ളാസ്റ്റേഴ്സ് ടീമിലെത്തി. ബ്ളാസ്റ്റേഴ്സിലെ പ്രകടനം കണ്ടാണ് ഇന്ത്യൻ കോച്ച് ടീമിലെടുത്തത്. ഡിഫൻസീവ് മിഡ്ഫീൽഡറായ വിപിന്റെ ഇഷ്ട ടീം ബ്രസീലാണ്. ഒക്ടോബറിൽ പ്ളസ്ടു പരീക്ഷ എഴുതും.

തിരൂരിലെ പച്ചക്കറിക്കടയിലെ ജോലിക്കാരനായ മുളങ്കുന്നത്തുകാവ് അരിങ്ങാഴിക്കുളം അത്തേക്കാട്ടിൽ എ.കെ. മോഹനന്റെയും വീട്ടമ്മയായ വിജയയുടെയും ഏകമകനാണ് വിപിൻ. പി. വിജയൻ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരിക്കെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ ഫുട്‌ബാൾ അക്കാഡമി ആരംഭിച്ചത്. കുട്ടികൾക്കായി പ്രത്യേക അവധിക്കാല ക്യാമ്പും, മറ്റ് ദിവസങ്ങളിൽ സ്ഥിരം പരിശീലനവും നടത്തുന്നുണ്ട്. ഈ ക്യാമ്പിലും വിപിൻ താരമായി. ഇന്ത്യൻ ഫുട്‌ബാൾ മുൻ ക്യാപ്ടൻ ഐ.എം. വിജയനാണ് മുഖ്യ പരിശീലകൻ. സബ് ഇൻസ്‌പെക്ടർ വിനയചന്ദ്രൻ, അസി. സബ് ഇൻസ്‌പെക്ടർ പയസ് ഡി. കുഞ്ഞാപ്പു എന്നിവർ സഹ പരിശീലകരാണ്. വിപിൻ മോഹനെ സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ ആദരിച്ചു.