തൃക്കാക്കര : അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ വഴക്കാല കുന്നേപ്പറമ്പ് സ്വദേശി വി.എ. സിയാദിനെ (46) ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. വീടുതാമസം ക്ഷണിക്കാനായി സിയാദിനെ ഫോണിൽ നിരന്തരം വിളിച്ചിട്ടും എടുക്കാതായതോടെ സുഹൃത്ത് അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഭാര്യ വിളിച്ചിട്ടും കതക് തുറക്കാതായതോടെ സമീപത്ത് താമസിക്കുന്ന സഹോദരനെ വരുത്തി വാതിൽ പൊളിക്കുകയായിരുന്നു.
കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവൻ ശേഷിച്ചിരുന്നില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ഉലയുന്ന സി.പി.എമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ് സിയാദിന്റെ ആത്മഹത്യ. പ്രളയഫണ്ട് തിരിമറിക്കായി അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് പ്രധാന പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രളയഫണ്ട് തട്ടിപ്പിൽ സിയാദിനെതിരെ ആരോപണങ്ങൾ ഒന്നുമില്ല.