agri-uni

തൃശൂർ: കാർഷിക സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രജിസ്ട്രാറെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട സമരം പിന്നീട് വൈസ് ചാൻസലറുമായുള്ള ചർച്ചയ്ക്ക്‌ ശേഷം പുതിയ ഉത്തരവിറക്കിയതോടെ അവസാനിപ്പിച്ചു. ചൊവ്വാഴ്ച നടക്കേണ്ട കാർഷിക സർവകലാശാല തിരഞ്ഞെടുപ്പിൽ അമ്പലവയൽ കോളേജിലെ തിരഞ്ഞെടുപ്പ് പിന്നീട് നടത്താമെന്നും തീരുമാനിച്ചു.

സർവകലാശാലയ്ക്ക് കീഴിലുള്ള മറ്റ് ആറ്‌ കോളേജുകളിലെ തിരഞ്ഞെടുപ്പ് മുമ്പ് തീരുമാനിച്ചത് പ്രകാരം ചൊവ്വാഴ്ച തന്നെ നടക്കും. രാവിലെ പതിനൊന്നോടെയാണ് കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര പ്രധാന കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടങ്ങിയത്. വിദ്യാർത്ഥികളുടെ പ്രതിഷേധമുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. പിന്നീട് അധികൃതർ അറിയിച്ചതനുസരിച്ചാണ് പൊലീസ് ഇടപെട്ടത്.

കോടതി വിധിയനുസരിച്ച് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതിന് നാമനിർദ്ദേശ പത്രിക നൽകേണ്ട അവസാന ദിവസം മാർച്ച് ഏഴ് ആയിരുന്നു. അമ്പലവയൽ കോളേജിലെ കെ.എസ്.യു സ്ഥാനാർത്ഥികൾ നൽകിയ പേരുകൾ തള്ളിപ്പോയിരുന്നു. വരണാധികാരി നാമനിർദ്ദേശപത്രിക തള്ളിയ വിവരം രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ അവരെ വീണ്ടും ഉൾപ്പെടുത്തുന്നതിന് രജിസ്ട്രാർ ഇടപെട്ടുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രജിസ്ട്രാർ ഇ-മെയിലിലൂടെ വരണാധികാരിക്ക് സന്ദേശം നൽകിയെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. ഇതേത്തുടർന്നായിരുന്നു സമരം. രണ്ട് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ഇതിനെതിരെ കെ.എസ്.യു നൽകിയ പരാതിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.

അഞ്ച് മണിക്കൂറിലേറെ സമരം

രാവിലെ മുതൽ തുടങ്ങിയ സമരം അഞ്ച് മണിക്കൂറിലധികം നീണ്ടു. പെൺകുട്ടികളടക്കം രജിസ്ട്രാറെ ഓഫീസിൽ പൂട്ടിയിട്ട സമരത്തിൽ പങ്കെടുത്തു. ഉച്ചഭക്ഷണസമയത്ത് ഓഫീസിന്റെ കവാടം പുറമെനിന്ന് കാവൽ ജീവനക്കാരും അകത്തു നിന്ന് കുട്ടികളും പൂട്ടിയതോടെ വൈസ് ചാൻസലറും രജിസ്ട്രാറും ഓഫീസ് ജീവനക്കാർ അടക്കമുള്ളവരും അകത്തു കുടുങ്ങി. വൈകിട്ട് നാലോടെ വൈസ് ചാൻസലർ വിദ്യാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ചു. ചർച്ച പൂർത്തിയായെങ്കിലും തീരുമാനം ഉത്തരവായി ഇറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തതോടെ ഉത്തരവായി ഇറക്കി. തള്ളിയ പത്രികകൾ വീണ്ടും സൂക്ഷ്മ പരിശോധന നടത്തിയശേഷം നടപടികൾ സ്വീകരിക്കുമെന്നും തുടർന്നേ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂവെന്നുമുള്ള ഉത്തരവ് പുറത്ത് വന്നതോടെ സമരം അവസാനിപ്പിക്കുന്നതായി എസ്.എഫ്.ഐ അറിയിച്ചു.