ലണ്ടൻ: ലോകമാകെ പടർന്നു പടിക്കുന്ന കൊറോണ വൈറസ് ഭീതി കായിക രംഗത്തെയും വളരെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഒളിമ്പിക്സും യൂറോ കപ്പും ഉൾപ്പെടെയുള്ള ഈവർഷം നടക്കേണ്ട വലിയ കായിക മാമാങ്കങ്ങളുടെയെല്ലാം നടത്തിപ്പു തന്നെ ആശങ്കയിലാഴ്ത്തിയാണ് കൊറോണ പടരുന്നത്. ഷൂട്ടിംഗ് ലോകകപ്പുൾപ്പെടെ പല ടൂർണമെന്റുകളും ഇതിനകം റദ്ദാക്കി കഴിഞ്ഞു. സിരി എ ഉൾപ്പെടെയുള്ള പല ഫുട്ബാൾ ലീഗുകളും അടച്ച സ്റ്രേഡിയത്തിലാണ് നടത്തുന്നത്.
ചാമ്പ്യൻസ് ലീഗ് അടച്ചിട്ട സ്റ്രേഡിയത്തിൽ
യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ നാളെ രാത്രി നടക്കുന്ന പി.എസ്.ജിയും ബൊറൂഷ്യ ഡോർട്ട്മുണ്ടും തമ്മിലുള്ള രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം കൊറോണ ഭീഷണിയെത്തുടർന്ന് അടച്ചിട്ട സ്റ്രേഡിയത്തിലാകും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫ്രാൻസിൽ കൊറോണ ബാധയെ തുടർന്ന് 19 പേരോളം മരിച്ച പശ്ചാത്തലത്തിലാണ് പി.എസ്.ജിയുടെ തട്ടകമായ പാരീസിലെ പാർക് ദെ പ്രിൻസിൽ നടക്കുന്ന മത്സരം കാണികൾക്ക് പ്രവേശനം അനുവദിക്കാതെ നടത്താൻ തീരുമാനിച്ചത്. ഫ്രഞ്ച് ലീഗിലെ പല മത്സരങ്ങളും കാണികളെ പ്രവേശിപ്പിക്കാതെയാണ് നടത്തുന്നത്. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 2-1ന് ജയിച്ചതിന്റെ മുൻ തൂക്കവുമായാണ് ഡോർട്ട്മുണ്ട് രണ്ടാം പാദത്തിൽ പി.എസ്.ജിയെ നേരിടാനിറങ്ങുന്നത്.
ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്രിക്സ് മീറ്ര് മാറ്രി
കൊറോണ ഭീഷണിയെ തുടർന്ന് ഏപ്രിൽ 6 മുതൽ 8വരെ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ ആത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്രിവച്ചതായി അത്‌ലറ്രിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. മേയ് 14 മുതൽ 17വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടത്താൻ നിശിചയിച്ചിരുന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്രിക് ചാമ്പ്യൻഷിപ്പ് നേരത്തേ മാറ്രിവച്ചിരുന്നു.
വ്യാഴാഴ്ച ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണത്തിന്റെ ഗ്രീസിൽ നടക്കേണ്ട ഉദ്ഘാടനച്ചടങ്ങുകളും കാണികളെ ഒഴിവാക്കിയായിരിക്കും നടത്തുക.
ഏഷ്യൻ മേഖലയിലെ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ മാറ്രിവയ്ക്കാൻ ഫിഫയും എ.എഫ്.സിയും ധാരണയിലെത്തി.
ആരും കാണാതെ യുവന്റസിന് ജയം
കൊറോണ ഭീഷണിയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന സിരി എ മത്സരത്തിൽ യുവന്റസ് 2-0ത്തിന് ഇന്റർമിലാനെ വീഴ്ത്തി. റാംസെയും ഡിബാലയുമാണ് യുവെയുടെ ഗോളുകൾ നേടിയത്.