2002ലാണ് കൊറോണ വൈറസിന്റെ തന്നെ മറ്റൊരു പതിപ്പായ രോഗാണു കാരണം 'സാർസ്'(സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) എന്ന മഹാവ്യാധി ചൈനയെയും അതിനൊപ്പം ലോകത്തെയും പിടികൂടുന്നത്. അന്ന് 17 രാജ്യങ്ങളിലായി 774 പേരാണ് രോഗം കാരണം മരണത്തിന് കീഴടങ്ങിയത്. എന്നാൽ ഈ സംഖ്യയെ നിഷ്പ്രഭമാക്കികൊണ്ടാണ് അടുത്തിടെ കോവിഡ് 19 രോഗബാധ ലോകത്തെ ഗ്രസിച്ചത്. ഒടുവിലത്തെ കണക്ക് പ്രകാരം 3,888 പേരാണ് ലോകത്താകമായി ഈ രോഗം മൂലം മരണമടഞ്ഞിരിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ 45 പേരെയാണ് കോവിഡ് 19 വൈറസ് ബാധിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും പടർന്നുപിടിച്ച, കൃത്യമായി പറയുകയാണെങ്കിൽ ചൈനയിലെ വുഹാനിലുള്ള ഒരു 'വെറ്റ്' മാർക്കറ്റായ ഹുവാനൻ ചന്തയിലെത്തിയ ആൾക്കാരിൽ നിന്നും പകർന്ന, ഈ രോഗം ഇന്ന് ഇന്ത്യയുൾപ്പെടുത്തുന്ന ലോകരാജ്യങ്ങൾക്കുമേൽ ഭീതിയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഈ മഹാരോഗങ്ങൾ എന്തുകൊണ്ട് ചൈനയിൽ നിന്നും ഉദ്‍ഭവിക്കുന്നു എന്ന ചോദ്യത്തിന് പലപ്പോഴും ഊഹാപോഹങ്ങളാണ് ഉത്തരങ്ങളായി ലഭിക്കുന്നത്. എന്നാൽ അതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അൽപ്പം പിറകിലേക്ക് പോകണം.
എഴുപതുകളിലെ കൊടുംക്ഷാമം
1970കളിലാണ് കൊടുംക്ഷാമവും പട്ടിണിയും ചൈനയെ ബാധിക്കുന്നത്. അന്ന് ചൈനയിൽ ദാരിദ്ര്യവും പട്ടിണിയും കൊണ്ടുമാത്രം 36 മില്ല്യൺ ജനങ്ങളാണ് മരണമടഞ്ഞത്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒറ്റ മാർഗം മാത്രമാണ് അന്നത്തെ സർക്കാർ മുൻപിൽ കണ്ടത്. തങ്ങൾ കയ്യടക്കി വച്ചിരിക്കുന്ന രാജ്യത്തെ ഭക്ഷണോത്പാദനത്തിന്റെ കുത്തക സ്വകാര്യ കർഷകർക്ക് കൂടിയായി വിട്ടുകൊടുക്കുക എന്നതായിരുന്നു അത്. പ്രധാന ഭക്ഷണ ഇനങ്ങളായ പോർക്ക്, കോഴി, ബീഫ് എന്നിവയുടെ ഉത്പാദനം വൻകിട കമ്പനികൾ ഏറ്റെടുത്തപ്പോൾ ചെറുകിട കർഷകർ വില്പനയ്ക്കുള്ള ഭക്ഷണ വസ്തുക്കളായി കണ്ടത് വന്യമൃഗങ്ങളെയും കാട്ടുജന്തുക്കളെയുമായിരുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയായി മാറുകയായിരുന്നു ചെറിയ കർഷകരുടെ ഈ തീരുമാനം.
കടുവ മുതൽ വവ്വാൽ വരെ
സകലമാന ജീവികളെയും ഭക്ഷണമാക്കി മാറിയിരുന്ന ചൈനാക്കാർ ഈ വന്യ ജീവികളെ വ്യാപകമായി ഉത്പാദിപ്പിക്കാൻ തുടങ്ങി. ചെറുകിട ഭക്ഷണോത്പാദകരെ രക്ഷിക്കാൻ മറ്റുവഴികൾ കാണാതിരുന്ന ചൈനീസ് സർക്കാർ ഇതിന് ആവശ്യത്തിൽ കൂടുതൽ പ്രോത്സാഹനം നൽകുവാനും ആരംഭിച്ചു. ഒടുവിൽ നിരോധിച്ച വന്യമൃഗങ്ങളെ പോലും ഇറച്ചിക്കും മറ്റുമായി ഇവർ ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. സർക്കാരിന്റെ മൗനാനുവാദത്തോടെ.
ഇക്കൂട്ടത്തിലുള്ള വവ്വാൽ, പാമ്പ് പോലുള്ള ചെറു ജീവികളെ സാധാരക്കാർ ഭക്ഷണമാക്കിയപ്പോൾ, കടുവ, കരടി തുടങ്ങിയ വലിയ മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾക്ക് ആവശ്യക്കാരായി എത്തിയത് ചൈനയിലെ ധനാഢ്യരും ഉന്നതാധികാര സ്ഥാനങ്ങളിൽ വിരാജിക്കുന്നവരും ആയിരുന്നു. ഇവരുടെ കൈവശമുള്ള പണം ഉപയോഗിച്ച് ലൈംഗിക ഉത്തേജനത്തിനായും, ടോണിക്ക് എന്ന രീതിയിലും, ബോഡി ബിൽഡിംഗ് സപ്പ്ളിമെന്റായും ഇക്കൂട്ടർ ഈ ജീവികളിൽ നിന്നുമുള്ള ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി. ചൈനയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെയും ആപത്തിലാക്കികൊണ്ട് ചൈനീസ് സർക്കാർ ഇതിനുനേരെ കണ്ണടച്ചു. പണമുള്ളവരെ പിണക്കാൻ ആകില്ലല്ലോ?
വെറ്റ് മാർക്കറ്റുകൾ
പ്രധാനമായും ഭക്ഷണസാധനങ്ങൾ വിറ്റഴിക്കുന്ന മാർക്കറ്റുകളെയാണ് 'വെറ്റ്' മാർക്കറ്റുകൾ എന്ന് വിളിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും താരതമ്യേന ശുചിത്വം കുറവായ ഇത്തരം മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിലുള്ള ചന്തകളിൽ സാധാരണ ഭക്ഷണ സാധനങ്ങൾ വിറ്റഴിക്കുമ്പോൽ ചൈനയിലെ 'നനഞ്ഞ' ചന്തകളിൽ പ്രധാനമായും വിൽക്കുന്നത് പാമ്പ്, വവ്വാൽ, മുതല തുടങ്ങിയ ജീവികളെയാണ്. ഈ ഏർപ്പാട് തന്നെയായിരുന്നു മഹാവ്യാധികൾക്ക് വളക്കൂറുള്ള മണ്ണായി ചൈനയെ മാറ്റിയത്. ഒന്നിന് മുകളിൽ ഒന്നായി സ്ഥാപിച്ചിരിക്കുന്ന കൂടുകളിലാണ് വിൽപ്പനക്കാർ ഈ ജീവികളെ വിൽക്കാൻ വയ്ക്കുന്നത്.
മുകളിലെ കൂടുകളിലുള്ള ജീവികളുടെ രക്തവും, വിസർജ്യവും, ചലവും മറ്റും താഴത്തെ ജീവികളുടെ മേലാണ് മിക്കവാറും പതിക്കുക. ചുരുക്കത്തിൽ രോഗങ്ങൾ ഉള്ള ജീവികളിൽ നിന്നും മറ്റുള്ളവയിലേക്ക് അത് പടരാൻ അധികം സമയമൊന്നും വേണ്ട. അങ്ങനെയാണ് രോഗങ്ങളുടെ വിളനിലങ്ങളായി ചൈനീസ് വെറ്റ് മാർക്കറ്റുകൾ മാറിയത്. രോഗം പൊട്ടിപുറപ്പെടുമ്പോൾ ഇത്തരം മാർക്കറ്റുകൾ അടച്ചുപൂട്ടുകയും, ജന്തുവിൽപ്പന നിരോധിക്കുവകയുമാണ് ചൈന സാധാരണയായി ചെയ്തുവരുന്നത്. എന്നാൽ രോഗം അൽപ്പമൊന്ന് ശമിക്കുമ്പോൾ ചൈനയെയും ലോകത്തെയും അപകടത്തിലാക്കികൊണ്ട് കാര്യങ്ങൾ പഴയപടി തന്നെ ആകുകയും ചെയ്യും.