ആസ്ട്രേലിയയുടെ കിരീട ധാരണത്തോടെ കഴിഞ്ഞ ദിവസം തിരശീല വീണ ട്വന്റി-20 ലോകകപ്പ് വനിതാ ക്രിക്കറ്റിന്റെ കുതിച്ചുയരിലിന്റെ തുടക്കമായാണ് ക്രിക്കറ്റ് വിദഗ്ദ്ധർ കാണുന്നത്. വനിതാ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന ഫൈനൽ കാണാൻ ഒഴുകിയെത്തിയത് 86,174 കാണികളാണ്. കോടിക്കണക്കിന് ആളുകളാണ് ഈ മത്സരം ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന് ലൈവായി കണ്ടത്.
ക്രിക്കറ്റിലെ പുരുഷ മേധാവിത്വത്തിന്റെ നിഴലിൽ നിന്ന് വനിതകൾ വെള്ളിവെളിച്ചത്തിലേക്ക് നടന്നെത്തിയെന്നതിന്റെ സൂചനകളാണ് ഇതെല്ലാം നൽകുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇന്ത്യ- ആസ്ട്രേലിയ ഫൈനൽ ട്രെൻഡിംഗായി.സ്പോൺസർമാരുടെയും പരസ്യ ദാതാക്കളുടെയും ശ്രദ്ധയിലേക്ക് വനിതാ ക്രിക്കറ്റും എത്തിക്കഴിഞ്ഞു. കൂടുതൽ കോർപ്പറേറ്രുകൾ വനിതാ ക്രിക്കറ്രിൽ പണമിറക്കാനും സന്നദ്ധരായിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം വനിതകൾക്കായി ഐ.പി.എൽ നടത്തണമെന്ന് സുനിൽ ഗാവസകറിനെപ്പോലുള്ള പ്രമുഖർ അഭിപ്രായപ്പെട്ടത് വനിതാ ക്രിക്കറ്റ് താരങ്ങൾക്കും നല്ലകാലം വരുന്നുവെന്ന സൂചനയാണ് നൽകുന്നത്.
2017ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിൽ മിതാലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ കുതിപ്പോടെയാണ് ക്രിക്കറ്രിന്റെ ഏറ്രവും വലിയ മാർക്കറ്റായ ഉപഭൂഖണ്ഡത്തിൽ വനിതാ ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിയുന്നത്. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പോടെ അത് ഫുൾസ്വിംഗിലായിക്കഴിഞ്ഞു. ഇന്ത്യയുടെ വനിതാ ടീം ക്യാപ്ടന്റെ പേരുപോലും അറിയാത്ത അവസ്ഥയിൽ നിന്ന് ഓരോ താരങ്ങളുടെയും കുടുംബകാര്യങ്ങൾ പോലും ആരാധകർക്ക് മനപാഠമായിക്കഴിഞ്ഞു. ഇന്ത്യയുടെ പതിനാറുകാരി ഓപ്പണർ ഷഫാലി വർമ്മ പുത്തൻ സെൻസേഷനായി പത്രത്താളുകളിലും മാദ്ധ്യമങ്ങളിലും നിറഞ്ഞു. പ്രതിഫലകാര്യത്തിൽ ഇന്ത്യയിൽ പുരുഷ താരങ്ങളെക്കാൾ ഏറെ പിന്നിലുള്ള വനിതാ താരങ്ങളുടെ മൂല്യം കുതിച്ചുയരുന്നതിനും വനിതാ ക്രിക്കറ്രിലേക്ക് ധാരാളം പെൺകുട്ടികൾ കടന്നു വരുന്നതിനും ഇത്തവണത്തെ ട്വന്റി-20 ലോകകപ്പ് കാരണമായി.
ഷഫാലിയുടെ ഒന്നാം സ്ഥാനം പോയി
വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ നിറം മങ്ങിയ ഇന്ത്യൻ ഓപ്പണിംഗ് സെൻസേഷൻ ഷഫാലി വർമ്മയ്ക്ക് ട്വന്റി-20 ബാറ്ര്‌സ് വുമൺ റാങ്കിംഗിൽ ഒന്നാം സ്ഥാനം നഷ്ടമായി. ഷഫാലി പുതിയ റാങ്കിംഗ് പ്രകാരം മൂന്നാം സ്ഥാനത്താണ്. ലോകകപ്പിൽ മിന്നും താരമായ ഓസീസിന്റെ ബെത്ത് മൂണിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.
ഐ.സി.സി ടീമിൽ പൂനം മാത്രം
വനിതാ ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്റർ നാഷണൽ ക്രിക്കറ്ര് കൗൺസിൽ തിരഞ്ഞെടുത്ത ലോക ഇലവനിൽ ഇന്ത്യയിൽ നിന്ന് പൂനം യാദവ് മാത്രമേ ആദ്യ പതിനൊന്നിൽ ഇടം നേടിയുള്ളൂ. വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ്മ പന്ത്രണ്ടാം കളിക്കാരിയായി ടീമിലുണ്ട്.